പദയാത്ര നടത്തി താരമാകാനും പള്ളവീർപ്പിക്കാനും നടത്തിയ സുരേന്ദ്രന്റെ നീക്കം അമിത് ഷാ തന്നെ വെട്ടി . ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 20 മണ്ഡലങ്ങളിലും പദയാത്ര നടത്താനുള്ള സുരേന്ദ്രന്റെ തീരുമാനമാണ് ദേശീയ നേതൃത്വം വെട്ടിയത് . തൽകാലം പദയാത്ര വേണ്ടെന്നാണ് തീരുമാനം.
യാത്ര വേണമെങ്കിൽ പിന്നീട് ആലോചിക്കാമെന്നാണ് അമിത്ഷാ പറഞ്ഞത് . ബൂത്ത് കമ്മിറ്റികൾ ശാക്തീകരിച്ചശേഷം പദയാത്ര നടത്തിയാൽ മതിയെന്നും നിർദ്ദേശിച്ചു . യാത്രയോടെ താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താമെന്ന സംസ്ഥാനനേതൃത്വത്തിന്റെ നിർദ്ദേശം കേന്ദ്രം തള്ളി .
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നടൻ സുരേഷ് ഗോപി ഒഴിച്ച് ആരും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സ്ഥിരമായി കുറച്ചുപേർ മത്സരിക്കാനിറങ്ങുന്നതു പാർട്ടിയുടെ ഇമേജിനെ ബാധിക്കുന്നുണ്ട്.
പുതിയ മുഖങ്ങൾ മത്സരിക്കണമെന്നും അതും താരപ്രഭയുള്ളവർ വേണമെന്നുമാണു ബിജെപി സംസ്ഥാന ഘടകം മുമ്പോട്ട് വയ്ക്കുന്നത്. ഇതിലും കേന്ദ്ര നേതൃത്വം തീരുമാനങ്ങളെടുക്കും. നടൻ കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ മത്സര സാധ്യത തടയാനാണ് ഈ നിർദ്ദേശം കൊണ്ടുവന്നത് .
എന്നാൽ കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥിയെ കേന്ദ്ര നേതൃത്വം തന്നെ തീരുമാനിക്കും. ശോഭയേയും കൃഷ്ണകുമാറിനേയും അടക്കം ലോക്‌സഭയിൽ മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രൻ.
അത് ദേശീയ നേതൃത്വം അംഗീകരിക്കാനും സാധ്യതയുണ്ട്. സുരേന്ദ്രൻ യാത്ര നടത്തിയാലും അത് വോട്ടിൽ പ്രതിഫലിക്കില്ലെന്ന തിരിച്ചറിവിലാണ് ദേശീയ നേതൃത്വം . കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ബിജെപിയുടെ കേന്ദ്ര നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. പ്രത്യേക നിരീക്ഷണ സംഘം പോലുമുണ്ട് .
ഈ ടീമിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് പദയാത്ര മാറ്റിയത് . ബൂത്ത് ശാക്തീകരണ പരിപാടിക്കൊപ്പം കർഷകർ, വിമുക്തഭടർ, യുവാക്കൾ എന്നിവരുടെ സമ്മേളനങ്ങൾ നടത്തും.
തൃശൂരിൽ സുരേഷ് ഗോപി തന്നെയാകും സ്ഥാനാർത്ഥി. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയേയും ഉടൻ നിശ്ചയിക്കും. ആറ്റിങ്ങലിൽ കേന്ദ്ര മന്ത്രി വി മുരളീധരനും മത്സരിച്ചേക്കും. പാലക്കാട്ടും പത്തനംതിട്ടയിലും പ്രമുഖരേയും നിർത്തും. ഈ അഞ്ചു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബൂത്തു കമ്മറ്റികൾ സജ്ജമാക്കാനാണ് സുരേന്ദ്രന് അമിത് ഷാ നൽകുന്ന നിർദ്ദേശം. ആലപ്പുഴയിലും വോട്ടു കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ജനസംഖ്യയുടെ 46% വരുന്ന മുസ്ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ വശത്താക്കി കേരളത്തിന്റെ ഭരണം പിടിക്കാന്‍ ബി.ജെ.പി. ”മാസ്റ്റര്‍ പ്ലാന്‍” തയ്യാറാക്കി കഴിഞ്ഞു . പദ്ധതിയുടെ ഭാഗമായി ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ ഒന്‍പതിനു 10,000 ബി.ജെ.പി. പ്രവര്‍ത്തകര്‍ ഒരുലക്ഷം ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കും.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലും ബി.ജെ.പി. പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് സമ്മാനങ്ങള്‍ കൈമാറിയിരുന്നു. ഏപ്രില്‍ 21-ന് ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ മുസ്ലിം ഭവനങ്ങള്‍ സന്ദര്‍ശിക്കും. ഏപ്രില്‍ 15-ന് വിഷു ദിനത്തില്‍ ഇതരമതസ്ഥരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്വവസതികളിലേക്കു ക്ഷണിക്കും.
ഹൈദരാബാദില്‍ നടന്ന ബി.ജെ.പി. ദേശീയനിര്‍വാഹകസമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണു കേരളത്തിലെ ന്യൂനപക്ഷങ്ങളുമായി ”സ്‌നേഹസംവാദം” എന്ന ആശയം മുന്നോട്ടുവച്ചത്.