കൊച്ചി: സംസ്ഥാന ബജറ്റിലെ ഇന്ധന സെസിലും നികുതി വർധനക്കുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പത്തനംതിട്ടയിലും കൊച്ചിയിലുമാണ് പ്രതിഷേധ മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയത്. കൊച്ചിയിൽ പ്രവർത്തകർ പോലീസിന് നേരെ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും പ്രവർത്തകരുടെ ഭാഗത്ത് നിന്നും ശ്രമം നടന്നു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞ് പോകാതായതോടെ പോലീസ് ലാത്തി പ്രയോഗിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പോലീസിന്റെ ലാത്തിയടിയിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. നാല് പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പതോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കൂടാതെ, പത്തനംതിട്ട കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചും സംഘർഷത്തിലേക്കെത്തി. പ്രവർത്തകർ പോലീസിനെ കൂകി വിളിച്ചു. ബാരിക്കേടിന് മുകിളിൽ കയറിയും പ്രതിഷേധിച്ചു. ബാരിക്കേഡുകൾ മറിച്ചിട്ടതോടെയാണ് പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയത്. തിരുവനന്തപുരത്ത് നികുതി വർധനക്കെതിരെ മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് കാർ കെട്ടിവലിച്ച് പ്രതിഷേധിച്ചു.