പ്ലൈവുഡ് കമ്പനിയുടെ മറവില്‍ മയക്കുമരുന്ന് വിൽപ്പന; ഏഴംഗ സംഘം അറസ്റ്റിൽ

മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനിയുടെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ ഏഴംഗ സംഘം എക്സൈസ് പിടിയിൽ. മുളവൂർ സ്വദേശികളായ മുതിരക്കാലായിൽ ആസിഫ് അലി, ചിറയത്ത് ഇബ്രാഹിം ബാദുഷ, ഡെക്കോ എന്ന കരോട്ടുപറമ്പിൽ സലിം മുഹമ്മദ്, പുത്തൻവീട്ടിൽ അൻവർ സാദിഖ്, അറയ്ക്കക്കുടിയിൽ മുഹമ്മദ് അൽത്താഫ്‌, അസ്ലംകുട്ടി എന്ന മേക്കപ്പടിക്കൽ മുഹമ്മദ് അസ്ലം, പേഴുംകാട്ടിൽ അനസ് തുടങ്ങിയവരാണ് അറസ്റ്റിലായത്.

റേഞ്ച് ഇൻസ്പെക്ടർ സുനിൽ ആന്‍റോയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി മുളവൂർ പൊന്നിരിക്കപ്പറമ്പിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരിൽ നിന്നും രാസലഹരിയും കഞ്ചാവും പിടിച്ചെടുത്തു. എക്സൈസിനെക്കണ്ട് മയക്കുമരുന്നുകൾ മുളവൂർ തോട്ടിലേക്ക് എറിഞ്ഞെങ്കിലും ഉദ്യോഗസ്ഥർ തോട്ടിലിറങ്ങി കണ്ടെടുക്കുകയായിരുന്നു.

അന്വേഷണ സംഘത്തിൽ പ്രിവന്‍റിവ് ഓഫിസർ പി.പി. ഹസൈനാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ബി. ലിബു, എം.എം. ഷെബീർ, കെ.ഇ. ജോമോൻ, പി.എൻ. അജി, കെ.എസ്. ബബീന തുടങ്ങിയവർ സംബന്ധിച്ചു.

Leave A Reply