കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനഃസ്ഥാപിക്കാത്തത് ജനങ്ങളുടെ യാത്രാദുരിതം കൂട്ടുന്നു

തിരൂർ: കൊവിഡ‌ിന്റെ പശ്ചാത്തലത്തിൽ തിരൂർ-മഞ്ചേരി റൂട്ടിൽ വെട്ടിച്ചുരുക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനഃസ്ഥാപിക്കാത്തത് ജനങ്ങളുടെ യാത്രാദുരിതം കൂട്ടുന്നു. ഏഴു ബസുകൾ ഉപയോഗിച്ച് 23 സർവീസുകളാണ് നേരത്തെ നടത്തിയിരുന്നത് ഇപ്പോൾ രണ്ട് ബസുകളാണ് സർവീസ് നടത്തുന്നത്. രണ്ട് ഷെഡ്യൂൾഡ് ട്രിപ്പുകൾ മാത്രമേയുള്ളൂ.

കോട്ടയ്ക്കൽ ആര്യവൈദ്യശാല, മഞ്ചേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് ചികിത്സയ്ക്കും പോകുന്നവർക്കും ഉദ്യോഗസ്ഥർക്കും തിരൂർ-മഞ്ചേരി സർവീസുകൾ എറെ ഉപകാരപ്രദമായിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെയും രാത്രിയുമെത്തുന്ന യാത്രക്കാർക്കും കെ.എസ്.ആർ.ടി.സി ബസുകൾ അനുഗ്രഹമായിരുന്നു. കാലത്ത് അഞ്ചരയ്ക്ക് മുതൽ രാത്രി വൈകിവരെ തിരൂർ -മഞ്ചേരി സർവീസുകൾ നടന്നിരുന്നു. രാവിലെ 7.30നും 9.30നും രണ്ട് ഷെഡ്യൂൾ ചെയ്ത സർവ്വീസുകൾ മാത്രമാണ് നിലവിൽ സർവ്വീസ് നടത്തി കൊണ്ടിരിക്കുന്നത്.

യാത്രക്കാരുടെ കുറവാണ് സർവീസ് നിറുത്താൻ കാരണമെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതരുടെ വിശദീകരണം. എന്നാൽ മലപ്പുറം-മഞ്ചേരി ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ യാത്രക്കാരെ കുത്തിനിറച്ചാണ് ഓടുന്നത്.

നിരവധി തവണ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നെങ്കിലും സർവീസ് കൂട്ടാൻ അധികൃതർ തയ്യാറായിട്ടില്ല.

Leave A Reply