തൃശൂർ: ഗുണ്ടാ വിളയാട്ടം തടയുന്നതിന്റെ ഭാഗമായി സിറ്റി പൊലീസും റൂറൽ പൊലീസും നടത്തിയ ഓപ്പറേഷൻ ആഗിൽ പൊക്കിയത് 277 ഗുണ്ടകളെ. സിറ്റി പൊലീസ് 127 പേരെ അകത്താക്കിയപ്പോൾ റൂറൽ പൊലീസ് 150 പേരെ അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് പരിധിയിൽ കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിലും റൂറലിൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെയുടെ നേതൃത്വത്തിലുമായിരുന്നു പരിശോധന.
ക്രിമിനൽ പശ്ചാത്തലമുള്ളവർ താമസിക്കുന്ന 221 കേന്ദ്രങ്ങളിലെ പരിശോധനയിൽ 127 കേസ് രജിസ്റ്റർ ചെയ്തു.
മുൻകാലങ്ങളിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാദ്ധ്യതയുള്ളവർ, പൊലീസ് സ്റ്റേഷനുകളിലെ കെ.ഡി ലിസ്റ്റിൽ ഉൾപ്പെട്ടവർ, ക്രമസമാധാന ലംഘനം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ളവർ തുടങ്ങിയവരുടെ താമസസ്ഥലങ്ങളിലും, മയക്കുമരുന്ന് വിൽപ്പനക്കാരും ഗുണ്ടകളും തമ്പടിക്കാൻ സാദ്ധ്യതയുള്ള കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.
തൃശൂർ, ഒല്ലൂർ, ഗുരുവായൂർ, കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണർമാർ ചേർന്നാണ് പരിശോധന നടത്തിയത്. ശനിയാഴ്ച്ച രാത്രി ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടു. വിവിധ ക്രിമിനൽ കേസിൽ ഉൾപ്പെട്ട 10 പേരെയും കോടതിയിൽ നിന്നും ജാമ്യമെടുത്ത് മുങ്ങിയ 48 വാറണ്ട് പ്രതികളെയും പിടികൂടി. 15 ആയുധ ലൈസൻസും, സ്‌ഫോടകവസ്തു നിർമ്മാണ കേന്ദ്രങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. റൂറലിൽ ഡിവൈ.എസ്.പിമാരായ ബി.സന്തോഷ്, സി.ആർ.സന്തോഷ്, ബാബു കെ.തോമസ്, സലീഷ് എൻ.ശങ്കരൻ എന്നിവർ നേതൃത്വം നൽകി.