നാടകത്തിനും നാടക കലാകാരന്മാർക്കും സംസ്ഥാന സർക്കാറിന്റെ പിന്തുണ

തൃശൂർ: നാടകത്തിനും നാടക കലാകാരന്മാർക്കും സംസ്ഥാന സർക്കാർ ചരിത്രത്തിൽ ഇല്ലാത്ത പിന്തുണയും അംഗീകാരവുമാണ് നൽകുന്നതെന്നും അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഇറ്റ് ഫോക് അന്താരാഷ്ട്ര നാടകോത്സവം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റത്തിന് നാടകങ്ങൾ നൽകിയ സംഭാവന വിസ്മരിക്കാവുന്നതല്ല. കർഷക – കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് നാടകങ്ങൾ വലിയ പങ്കാണ് നൽകിയത്. മനുഷ്യനെ ഒന്നിപ്പിക്കുന്ന വേദിയായി ഈ നാടകോത്സവം മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത വർഷം 15 ദിവസത്തെ ലോകോത്തര മേളയാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. നാടകോത്സവത്തിന്റെ സമയത്ത് ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ ഒരു രാജ്യാന്തര ആർട്ട് ക്യാമ്പും ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ ചലച്ചിത്ര മേളയുമുണ്ടാകും.

കലാമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ കലാ അവതരണവും ഇതോടനുബന്ധിച്ച് ഉണ്ടാകും. സാഹിത്യ അക്കാഡമിയുടെ സാഹിത്യോത്സവവും ഇതേ സമയം നടക്കും. കേരളമാകെ തൃശൂരിലേക്ക് ഒഴുകിയെത്തുന്ന മേളയാകും. സാമ്പത്തിക പ്രയാസമുണ്ടെങ്കിലും ബഡ്ജറ്റിൽ ഇറ്റ് ഫോക്കിന് സാമ്പത്തിക സഹായം നൽകാനാണ് തീരുമാനിച്ചത്. അത് നാടകത്തോടുളള സർക്കാരിന്റെ സമീപനം തെളിയിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

നടൻ പ്രകാശ് രാജ് മുഖ്യാതിഥിയായി. മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു, ടി.എൻ.പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, കളക്ടർ ഹരിത വി.കുമാർ, സംഗീതനാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ, ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, സംഗീതനാടക അക്കാഡമി വൈസ് ചെയർമാൻ പുഷ്പാവതി, സെക്രട്ടറി കരിവെള്ളൂർ മുരളി തുടങ്ങിയവർ പ്രസംഗിച്ചു.

ക്യുറേറ്റർമാരായ അനുരാധ കപൂർ, ദീപൻ ശിവരാമൻ, പി.അനന്തകൃഷ്ണൻ, ജോൺ ഫെർണാണ്ടസ്, തായ്‌വാൻ എംബസി പ്രതിനിധികളായ റോബർട്ട്, ആനിസൻ ചാവോ തുടങ്ങിയവരും പങ്കെടുത്തു. പത്ത് വിദേശനാടകങ്ങളും പതിനാല് ഇന്ത്യൻ നാടകങ്ങളുമാണ് അരങ്ങേറുന്നത്.

Leave A Reply