ഓയൂർ: ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ. കായംകുളം ദേവികുളങ്ങര ജെനി കോട്ടേജിൽ ജോബി ജോർജിനെയാണ് (29) പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കരിങ്ങന്നൂർ സ്വദേശിനിയായ യുവതിയെ ഒന്നരമാസം മുമ്പാണ് ജോബി വിവാഹം കഴിച്ചത്.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ജോബി ഭാര്യയുമായി വഴക്കുണ്ടാക്കുകയും എയർഗൺ ചൂണ്ടി വധഭീഷണി മുഴക്കുകയും ചെയ്യുമായിരുന്നു. ഞായറാഴ്ച രാവിലെയും ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
ഇതുകണ്ട നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. സി.ഐ ബിജുവിൻറെ നിർദേശപ്രകാരം എസ്.ഐ അഭിലാഷ്, എ.എസ്.ഐ ചന്ദ്രകുമാർ, സി.പി.ഒമാരായ മുരുകേഷ്, മധു തുടങ്ങിയവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.