ഓച്ചിറ: വവ്വാക്കാവിനു സമീപത്ത് പെന്തക്കോസ്ത് സഭയുടെ പ്രാർഥന നടത്തുകയായിരുന്ന പാസ്റ്ററെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കടത്തൂർ സ്വദേശികളായ അക്ഷയനാഥ് (23), ഹരിപ്രസാദ് (35), നന്ദു (22) എന്നിവരെയാണ് ഓച്ചിറ ഇൻസ്പെക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം. വവ്വാക്കാവിന് പടിഞ്ഞാറുള്ള പൈങ്കിളി കാഷ്യൂ ഫാക്ടറി വളപ്പിലെ കെട്ടിടത്തിൽ ഒരു മാസമായി പാസ്റ്റർ റെജി പാപ്പച്ചന്റെ നേതൃത്വത്തിൽ പെന്തക്കോസ്ത് സഭയുടെ പ്രാർഥന നടക്കുന്നുണ്ടായിരുന്നു. പൈങ്കിളി കാഷ്യൂ ഉടമ അമ്പിളി എന്ന് വിളിക്കുന്ന ജയചന്ദ്രന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഇയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രാർഥന നടന്നുവന്നത്. അതിൽ ജയചന്ദ്രന്റെ ബന്ധുക്കൾക്കും എതിർപ്പുണ്ടായിരുന്നു. ജയചന്ദ്രന്റെ ബന്ധുവിന്റെ നിർദേശത്തെ തുടർന്നാണ് അക്രമികൾ ഫാക്ടറിക്കുള്ളിൽ മതിൽ ചാടി കയറി പാസ്റ്ററെയും ഭാര്യയെയും ഭാര്യാ മാതാവിനെയും മർദിച്ച് അവശരാക്കിയത്.
അക്രമത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിഞ്ഞതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.