കൊട്ടിയം: മദ്യപിച്ച് നിറയെ യാത്രക്കാരുമായി അപകടകരമായ തരത്തിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്.കൊല്ലം-കൊട്ടാരക്കര റൂട്ടിൽ സർവിസ് നടത്തുന്ന വിഷ്ണുമായ ബസിന്റെ ഡ്രൈവർ കരീപ്ര സ്വദേശി അഭിലാഷ് (42) ആണ് അറസ്റ്റിലായത്.
നാട്ടുകാരാണ് വിവരം കണ്ണനല്ലൂർ പോലീസിൽ അറിയിച്ചത്. പോലീസ് സംഘം കുളപ്പാടം സൽമാ ഓഡിറ്റോറിയത്തിനടുത്ത് ബസ് തടഞ്ഞ് പരിശോധിച്ചു. ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി കണ്ടതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആൽക്കോമീറ്റർ പരിശോധനയിലും വൻ തോതിൽ മദ്യപിച്ചിരുന്നതായി തെളിഞ്ഞതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള മറ്റ് നിയമ നടപടികൾക്കായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന് റിപ്പോർട്ട് നൽകുമെന്ന് ഇൻസ്പെക്ടർ വി. ജയകുമാർ അറിയിച്ചു.