തന്റെ റെക്കോര്‍ഡ് മറികടന്ന ഗില്ലിന് ആശംസയുമായി കോഹ്‌ലി

അഹമ്മദാബാദ്: ശുഭ്മാന്‍ ഗില്‍ കത്തുന്ന ഫോമിലാണ് ഇപ്പോള്‍ ബാറ്റ് വീശുന്നത്. ന്യൂസിലന്‍ഡിനെതിരായ അവസാന ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത് തന്റെ കന്നി ടി20 സെഞ്ച്വറിയുമായി കളം നിറഞ്ഞ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് .

126 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്‍ സെഞ്ച്വറിക്കൊപ്പം ഒരു റെക്കോര്‍ഡും ഇന്നലെ സ്വന്തമാക്കിയിരുന്നു . മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്. ടി20യില്‍ ഇന്ത്യക്കായി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്.

തന്റെ റെക്കോര്‍ഡ് മറികടന്ന ഗില്ലിന് ആശംസയുമായി കോഹ്‌ലിയും രംഗത്തെത്തി. കിവികള്‍ക്കെതിരായ പരമ്ബരയില്‍ കോഹ്‌ലി കളിച്ചിരുന്നില്ല. താരത്തിന് വിശ്രമമനുവദിക്കുകയായിരുന്നു .ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്‌ലി ഗില്ലിനെ അഭിനന്ദിച്ചത്. ‘താരം’ എന്നും ‘ഭാവി ഇവിടെയുണ്ട്’ എന്നും കുറിച്ചായിരുന്നു കോഹ്‌ലിയുടെ അഭിനന്ദനം. ഗില്ലിനെ ആലിംഗനം ചെയ്യുന്ന ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.

 

ഏകദിനത്തിലും ടെസ്റ്റിലും സമീപ കാലത്ത് സെഞ്ച്വറി നേടിയ ഗില്‍ ഇപ്പോള്‍ ടി20യില്‍ ശതക നേട്ടം ആവര്‍ത്തിച്ചു. മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ മാത്രം ബാറ്ററെന്ന മികവിന്റെ പട്ടികയിലും ഗില്‍ ഇടംകണ്ടു. ടി20ക്ക് ചേര്‍ന്ന ബാറ്ററല്ലെന്ന് മുന്‍ താരങ്ങളടക്കമുള്ളവരുടെ വിമര്‍ശനങ്ങളോടു ബാറ്റിങിലൂടെ താരം മറുപടി നല്‍കി.

Leave A Reply