ഇരവിപുരം: പഞ്ചായത്ത്വിള മേഖലയിൽ അനധികൃത വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി പ്രതി അറസ്റ്റിൽ. പുന്തലത്താഴം സ്വദേശി സുജിത്ത് (40) ആണ് ദീർഘകാലമായി ഇരവിപുരം പോലീസും ജില്ല ഡാൻസാഫ് ടീമും സംയുക്തമായി നടത്തിവന്ന നീരിക്ഷണത്തിനൊടുവിൽ അറസ്റ്റിലായത്.
ഡ്രൈഡേ മുൻകൂട്ടി കണ്ട് പല വട്ടമായി വാങ്ങി സൂക്ഷിച്ച 99 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. കൊല്ലം പുന്തലത്താഴം പഞ്ചായത്തുവിള ഭാഗത്ത് ഇലക്ട്രിക്കൽ കട നടത്തുന്ന പ്രതി പലപ്പോഴായി ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിൽ നിന്നും വാങ്ങി ശേഖരിച്ചുവന്നിരുന്ന മദ്യം ഡ്രൈഡേ ദിനങ്ങളിൽ ഇരട്ടി വിലക്ക് വിൽപ്പന നടത്തിവരുകയായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിവന്ന നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത്.