അൽ-അഹ്സ ഈത്തപ്പഴോത്സവത്തിൽ വൻ സന്ദർശക പ്രവാഹം.കഴിഞ്ഞ ദിവസം സൗദിയിലെ ജാപനീസ് അംബാസർ ഫ്യൂമിയോ ഇവായി മേള സന്ദർശിച്ചു. സൗദിയുടെ സംസ്കാരിക ജീവിതത്തിന്റെ നേർചിത്രങ്ങൾ പ്രകടമാകുന്നതാണ് ഉത്സവമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച അൽ-അഹ്സ ഗവർണർ സഊദ് ബിൻ തലാൽ ബിൻ ബദറിന്റെ സാന്നിധ്യത്തിൽ കിഴക്കൻ പ്രവിശ്യ ഗവർണർ സഊദ് ബിൻ നായിഫ് ആണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഒരു ജനപ്രിയ കാർഷിക ഇനത്തിൽനിന്ന് ഒരു സാമ്പത്തിക, നിക്ഷേപ ഉൽപന്നമാക്കി ഈത്തപ്പഴത്തെ മാറ്റുന്നത് അൽ-അഹ്സയുടെയും പ്രത്യേകിച്ച് രാജ്യത്തിന്റെയും വലിയ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയ ദേശീയ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഇത് അൽ-അഹ്സയുടെ ടൂറിസം മേഖല വികസിപ്പിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.