തലശ്ശേരി: വാഹന പരിശോധനക്കിടെ ബൈക്കിൽ കടത്തുകയായിരുന്ന ലഹരിമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. ധർമടം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പാലയാട് നരിവയലിലെ മർവയിൽ മുഹമ്മദ് അജ്മൽ നിഹാൽ (25), പാലയാട് ഹൈസ്കൂളിന് സമീപം സഫ മൻസിലിൽ റസൽ (25), പാലയാട് വെള്ളൊഴുക്കിലെ വട്ടയിൽ ഹൗസിൽ വി. ഷഹബാസ്(27) തുടങ്ങിയവരാണ് വാഹന പരിശോധനക്കിടെ ധർമടം എസ്.ഐ സതീശനും സംഘവും പിടികൂടിയത്.
ഇവരിൽ നിന്നും 2.81 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇവർ സഞ്ചരിച്ച കെ.എൽ 58 എ.സി 8657 നമ്പർ മോട്ടോർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പാലയാട് ബൈപാസ് മേൽപാലത്തിനടുത്ത് നിന്നുമാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ പോലീസ് പിടികൂടിയത്. പരിശോധനക്കിടയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.പിടികൂടിയ മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.