അമ്പലവയൽ അമ്പുകുത്തി പാടിപ്പറമ്പിൽ കടുവയെ ചത്തനിലയിൽ. കഴുത്തിൽ കുരുക്ക് കുരുങ്ങിയ നിലയിലാണ് ഒന്നര വയസ്സുള്ള ആൺകടുവയുടെ ജഡം പത്തൊമ്പതാം മൈൽ-പാടിപറമ്പ് പാതയോരത്തായുള്ള തോട്ടത്തിൽ കണ്ടെത്തിയത്.. കടുവയുടെ കഴുത്തിൽ കുടുങ്ങിയ കുരുക്കാണ് മരണത്തിനിടയാക്കിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
കടുവയുടെ ജഡം സുൽത്താൻ ബത്തേരിയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തും.പൊൻമുടിക്കോട്ട, എടക്കൽ, അമ്പുകുത്തി, മാളിക, കൊളഗപ്പാറ, കുപ്പകൊല്ലി, കുപ്പമുടി പ്രദേശങ്ങളിൽ 70ദിവസത്തിലധികമായി കടുവ, പുലി ശല്യം രൂക്ഷമായി തുടരുകയാണ്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കർമസമിതി കഴിഞ്ഞ ദിവസം ആയിരംകൊല്ലയിൽ കൊളഗപ്പാറ-അമ്പലവയൽ റോഡ് ഉപരോധിച്ചിരുന്നു.