കോട്ടയത്ത് മദ്യലഹരിയിൽ സ്വന്തം വീടിന് തീയിട്ട ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടയം: വൈക്കത്ത് കഴിഞ്ഞ ദിവസം മദ്യ ലഹരിയിൽ വീടിന് തീയിട്ട് ഭാര്യയേയും മക്കളേയും കോൾപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മറവൻതുരുത്ത് സ്വദേശി രാജീവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കത്തിയ വീട്ടിൽ നിന്നും നിസ്സാരപരിക്കുകളോടെ സമീപവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജീവ് ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജീവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ രാജീവിനെ വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോ​ഗ്യ നില തൃപ്തികരം എന്നാണ് ലഭിക്കുന്ന വിവരം. വലിയ രീതിയിൽ രാജീവിനെതിരെ കുറ്റപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ഈ മനോവിഷമം മൂലമാകാം ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം രാത്രിയിലാണ് രാജീവ് സ്വന്തം വീടിന് തീവെച്ചത്. സ്ഥിരം മദ്യപിച്ചെത്തുന്ന രാജീവ് ഭാര്യയും മക്കളുമായും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. സമാനമായ രീതിയിൽ വീണ്ടും പ്രശ്നങ്ങൾ ഉയ‍‍ർന്നപ്പോഴായിരുന്നു രാജീവ് വീടിന് തീ ഇട്ടത്. തീ ഉയർന്നിരുന്നസമയം ഭാര്യയും മക്കളും അയൽവീട്ടിൽ ആയിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. വൈക്കത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയായിരുന്നു തീയണച്ചത്.

Leave A Reply