വിഗാര്‍ഡ് വരുമാനത്തില്‍ വര്‍ധന

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 980.84 കോടി രൂപ സംയോജിത വരുമാനം നേടി. 1.4 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍വര്‍ഷം ഇതേപാദത്തില്‍ 967.57 കോടി രൂപയായിരുന്ന വരുമാനം. 2022 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ 39.29 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍വര്‍ഷം ഇത് 53.92 കോടി രൂപയായിരുന്നു.

2022 ഡിസംബര്‍ 31 വരെയുള്ള ഒമ്പത് മാസങ്ങളിലെ കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 2,985.90 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 2,441.02 കോടി രൂപയില്‍ നിന്നും 22.3 ശതമാനം വളര്‍ച്ച നേടി. ഒമ്പത് മാസങ്ങളിലെ സംയോജിത അറ്റാദായം 136.32 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 138.86 കോടി രൂപയായിരുന്നു.

“മൂന്നാം പാദത്തിലെ വരുമാന വളര്‍ച്ച 1.4 ശതമാനമാണ്. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംയോജിത വളര്‍ച്ചാ നിരക്ക് 15.8 ശതമാനമാണ്. ഗൃഹോപകരണ വിഭാഗത്തില്‍ നല്ല വളര്‍ച്ച തുടരുന്നു. ദക്ഷിണേന്ത്യയ്ക്കു പുറത്തുള്ള വിപണികളില്‍ ബിസിനസിന് സുസ്ഥിര വളര്‍ച്ചയുണ്ട്. കോവിഡ് കാരണം വെട്ടിക്കുറച്ച ഞങ്ങളുടെ പരസ്യ, പ്രചരണ ചെലവുകള്‍ രണ്ടു വര്‍ഷത്തിനും ശേഷം സാധാരണ നിലയിലെത്തി. ഉയര്‍ന്ന ചിലവില്‍ സാധാരണ സ്റ്റോക്കുകള്‍ കൈവശം വച്ചിരിക്കുന്നതിനാല്‍ ലാഭം കോവിഡിനു മുമ്പുള്ള നിലയിലേക്ക് എത്തിയിട്ടില്ല, പ്രത്യേകിച്ച് ഗൃഹോപകരണ വിഭാഗത്തില്‍. സ്റ്റോക്കുകളുടെ തോത് കുറയുന്നതോടെ അടുത്ത ഒന്നോ രണ്ടോ പാദങ്ങളില്‍ ലാഭം കോവിഡിനു മുമ്പുള്ള നിലയില്‍ തിരിച്ചെത്തും,” വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു

Leave A Reply