കൊട്ടിയം: ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിൽ യുവാവിനെയും ഭാര്യയെയും ആക്രമിച്ചയാൾ പോലീസിന്റെ പിടിയിൽ. കിഴവൂർ അജീന മൻസിലിൽ ജാഫർ (43) ആണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. വീടിന് സമീപം താമസിക്കുന്ന യുവാവ് ഇയാളെ ഇരട്ടപ്പേര് വിളിച്ച് കളിയാക്കാൻ ശ്രമിച്ചതാണ് പ്രതിയെ പ്രകോപിതനാക്കിയത്.
29ന് രാത്രിയാണ് സംഭവം നടന്നത്. ഇരട്ടപ്പേര് വിളിച്ചതിൽ പ്രകോപിതനായി യുവാവിന്റെ വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറി മർദിക്കുകയായിരുന്നു. യുവാവിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു. തടയാൻ ശ്രമിച്ച ഭാര്യയെയും ഇയാൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.