മണ്ണിന്റെ അതിജീവനത്തിന് ബിനാലെയിൽ സോയിൽ അസംബ്ലിക്ക് തുടക്കം

കൊച്ചി: മണ്ണിന്റെയും പരിസ്ഥിതിയുടെ ആകെയും  അതിജീവനത്തിനായി കൂട്ടായ യത്നം ലക്ഷ്യമിടുന്ന അഞ്ചു ദിവസത്തെ ‘സോയിൽ അസംബ്ലി’ക്കു  ബിനാലെയിൽ പ്രൗഢഗംഭീര തുടക്കം. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കലാപ്രവർത്തകരും ഡിസൈനർമാരും ക്യൂറേറ്റർമാരും  വാസ്‌തുവിദ്യ വിദഗ്‌ധരും വിദ്യഭ്യാസ വിചക്ഷണരും സാമൂഹ്യ പ്രവർത്തകരും കർഷകരും വിവര സാങ്കേതിക വിദ്യ വിദഗ്‌ധരും ഉൾപ്പെടെ പ്രഥമ അസംബ്ലിയിൽ നേരിട്ടും ഓൺലൈനായും പങ്കെടുക്കുന്നുണ്ട്.

സമകാലീന സാഹചര്യങ്ങളിൽ ലോകസമൂഹത്തിന്റെ സുസ്ഥിരതയ്ക്കും സുസ്ഥിതിക്കും സോയിൽ അസംബ്ലി  അത്യധികം പ്രസക്തമാണെന്ന് വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ (ഡബ്‌ള്യൂഡിഒ) പ്രസിഡന്റ് ഡേവിഡ് കുസുമ പറഞ്ഞു. യു എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്ന ഉത്തരവാദപൂർണ്ണ ഉപഭോഗവും ഉത്തരവാദിത്വപൂർണ്ണ ഉത്പാദനവും എന്നത് മാർഗ്ഗരേഖയാക്കി പ്രവർത്തനങ്ങൾ ഉണ്ടാകണം. സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക വികസനത്തിൽ കരുത്തുറ്റ ഘടകമായ ഡബ്‌ള്യൂഡിഒ യു എൻ മാർഗരേഖ ഉൾക്കൊണ്ട് മാനവിക സമഗ്രക്ഷേമത്തിനായി പ്രവർത്തിക്കും.

യു എൻ മാർഗരേഖ നടപ്പാക്കുന്നതിന് മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും മാറ്റം വേണം. അതിനുതകുന്ന പുതിയചിന്താഗതികൾക്കും സംവാദങ്ങൾക്കും അസംബ്ലി വേദിയൊരുക്കും. പ്രമുഖ ആഗോള സംരംഭമായി മാറിക്കഴിഞ്ഞ കൊച്ചി ബിനാലെ കലയുടെയും ഡിസൈനിന്റെയും പ്രാധാന്യം തിരിച്ചറിയുക മാത്രമല്ല അന്താരാഷ്ട്ര സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും വിജ്ഞാന വിനിമയത്തിന് വേദിയൊരുക്കുകയും ചെയ്യുന്നുണ്ട്. ഈ വേദി ആദ്യ സോയിൽ അസംബ്ലിക്ക് വേദിയാകുന്നത് അർത്ഥവത്താണെന്നും ഡേവിഡ് കുസുമ പറഞ്ഞു.

Leave A Reply