പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്ത് പ്രദേശങ്ങളിൽ മാലിന്യം തള്ളിയതായി പരാതി. പഞ്ചായത്ത് നാലാം വാർഡിൽ മീമ്പാറ കാട്ടൂർ ഷാപ്പിന് സമീപവും ചൂരമുടിയിലുമാണ് ആശുപത്രി മാലിന്യം ഉൾപ്പെടെ ഞായാഴ്ച രാത്രി തള്ളിയത്. സ്വകാര്യ വ്യക്തികളുടേതാണ് സ്ഥലം. കാട്ടൂർ ഷാപ്പിന് സമീപത്ത് ഒരു ലോഡും ചൂരമുടിയിലെ സ്ഥലത്ത് രണ്ട് ലോഡും മാലിന്യം കൊണ്ടിടുകയായിരുന്നു. ആള്‍ത്താമസം കുറഞ്ഞ പ്രദേശങ്ങളായതുകൊണ്ട് ഈ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും കക്കൂസ് മാലിന്യവും ഇവിടങ്ങളിൽ തള്ളാറുണ്ട്. എറണാകുളം, വരാപ്പുഴ എന്നിവിടങ്ങളിൽനിന്നാണ് മാലിന്യം ഇവിടെ എത്തിച്ച് നിക്ഷേപിക്കുന്നതെന്നാണ് ആക്ഷേപം.
ഞായറാഴ്ച രാത്രി തള്ളിയ ആശുപത്രി മാലിന്യത്തിൽനിന്ന് ഒരു സ്ഥാപനത്തിന്റെ പേരുവിവരങ്ങളടങ്ങിയ രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥല ഉടമകള്‍ കോടനാട് പൊലീസില്‍ പരാതി നല്കി. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.ജെ. മാത്യു, വത്സ വേലായുധൻ, വാര്‍ഡ് അംഗം സോമി ബിജു എന്നിവർ സ്ഥലം സന്ദര്‍ശിച്ചു. മാലിന്യം തള്ളിയവരെ പിടികൂടാനും ഇത് ആവര്‍ത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് പൊലീസിനോട് ആവശ്യപ്പെട്ടു.