ഇസ്ലാമബാദ് : പാകിസ്ഥാനിലെ പെഷവാറിൽ മുസ്ലിം പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി. 220 പേർ ചികിത്സയിലുണ്ടെന്നും 57 പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി വക്താവ് മുഹമ്മദ് അസീം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാൻ ( തെഹ്‌രീക് – ഇ – താലിബാൻ പാകിസ്ഥാൻ – ടി.ടി.പി) ഏറ്റെടുത്തിരുന്നെങ്കിലും ഇന്നലെ വൈകിട്ടോടെ തങ്ങളല്ല സ്ഫോടനത്തിന് പിന്നിലെന്ന് അറിയിച്ചു. ഇതോടെ പ്രാദേശിക ഭീകരവാദഗ്രൂപ്പുകളിലേക്കാണ് സംശയമുന നീളുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹർ പ്രാർത്ഥനാ സമയത്തുണ്ടായ സ്ഫോടനത്തിൽ പള്ളിയുടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫീസുകളും ഭീകരവിരുദ്ധ വിഭാഗത്തിന്റെ ഓഫീസുകളും അടങ്ങുന്ന അതീവ സുരക്ഷാമേഖലയോട് ചേർന്ന് സേനാംഗങ്ങൾക്ക് പുറത്ത് പോകാതെ പ്രാർത്ഥിക്കാനായി നിർമ്മിച്ച പള്ളിയായതിനാൽ പൊലീസ് സേനയിലുള്ളവരാണ് മരിച്ചവരിൽ ഏറെയും. ചാവേറായി എത്തിയ ആൾ മുൻനിരയിൽ ഇരുന്നതിനാൽ പ്രാർത്ഥന നയിച്ചുകൊണ്ടിരുന്ന ഇമാം സാഹിബ്സാദ നൂർ ഉൽ അമീനും കൊല്ലപ്പെട്ടു.