‘ഇന്ത്യയിൽ പോലും പ്രാർഥനാ സമയത്ത് ആളുകൾ കൊല്ലപ്പെടുന്നില്ല…’; വിവാദ പരാമർശവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷാവാർ സ്ഫോടനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ വിവാദ പരാമർശവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയിൽ പോലും പ്രാർഥനാ സമയത്ത് ആളുകൾ കൊല്ലപ്പെടില്ലെന്നാണ് മന്ത്രിയുടെ പരാമർശം. ഡോൺ ദിനപത്രമാണ് മന്ത്രിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. ‘ഇന്ത്യയിലും ഇസ്രായേലിലും പോലും പ്രാർഥനാ സമയത്ത് ആളുകൾ കൊല്ലപ്പെടില്ല. എന്നാൽ പാകിസ്ഥാനിൽ സംഭവിച്ചു. ഭീകരവാദത്തിനെതിരെ രാജ്യം ഒരുമിക്കണം. പരിഷ്കരണത്തിനുള്ള സമയായി’- ദേശീയ അസംബ്ലിയിൽ ഖ്വാജ ആസിഫ് വ്യക്തമാക്കി.
ഭീകരതക്കെതിരെയുള്ള യുദ്ധം പിപിപിയുടെ കാലത്ത് സ്വാത്തിൽ നിന്നാണ് ആരംഭിച്ചത്. പിഎംഎൽ-എന്നിന്റെ മുൻ ഭരണകാലത്ത് ഇത് അവസാനിച്ചു. കറാച്ചി മുതൽ സ്വാത് വരെ രാജ്യത്ത് സമാധാനം സ്ഥാപിക്കപ്പെട്ടു. രണ്ട് വർഷം മുമ്പ് ഭീകരാവാദം സംബന്ധിച്ച് രണ്ടോ മൂന്നോ തവണ ബ്രീഫിംഗ് നൽകിയിരുന്നു. ഭീകരവാദത്തിനെതിരെ ചർച്ചകൾ നടത്താമെന്ന് വ്യക്തമായി പറഞ്ഞിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.