പത്തനംതിട്ട: വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി പൊട്ടൽകുഴി കൽക്കുളം സ്വദേശി പ്രദീപൻ എന്ന 30-കാരനെയാണ് കോയിപ്രം പോലീസ് പിടികൂടിയത്. കഴിഞ്ഞവർഷം ഫെബ്രുവരി 21ന് അയിരൂർ പേരൂർച്ചാൽ രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകക്ക് താമസിക്കുന്ന മോഹൻദാസിന്‍റെ ഭാര്യ കെ.പി. രമണിയമ്മയെയാണ് ഇയാൾ വീട്ടിൽ കടന്ന് കയറി ആക്രമിച്ചശേഷം മാല കവർന്നത്.
കേസിലെ രണ്ടാം പ്രതിയെ പിറ്റേന്ന് പിടികൂടിയിരുന്നു. മാല സ്വർണമല്ലെന്ന് തിരിച്ചറിഞ്ഞ ഒന്നാം പ്രതി അത് റബർ തോട്ടത്തിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചിച്ച് കടക്കുകയായിരുന്നു. ഒളിവിൽ കഴിഞ്ഞുവന്ന പ്രദീപന്‍റെ അടുത്ത ബന്ധുക്കളുടെ ഫോൺ നമ്പറുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ചെങ്ങന്നൂരിൽ നിന്നാണ് പിടിയിലായത്. കോടതിയിൽ ഹജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.