കാഞ്ഞങ്ങാട്; സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണത്തെ ചൊല്ലിയുള്ള പരാതിയിൽ മലപ്പുറം സ്വദേശിയായ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ. ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്ന സുധീഷ് പൂക്കാട്ടിരിയെയാണ് ഹൊസ്ദുർഗ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ നവംബർ രണ്ടിനും 11നും കാഞ്ഞങ്ങാട്ടെ ധനലക്ഷ്‌മി ഫിനാൻസിൽ കൗവ്വൽ മാടത്തെ അനിൽകുമാർ, ഷറഫുദ്ധീൻ കള്ളാർ എന്നിവർ 48.5 ഗ്രാം, 40.8 ഗ്രാം വീതം സ്വർണം പണയം വച്ചിരുന്നു. ബാങ്ക് പിന്നീട് നടത്തിയ പരിശോധനയിൽ ഇത് കള്ളപ്പണ്ടമാണെന്ന് തെളിഞ്ഞു. ഇതോടെ ഡിസംബർ 19ന് ധനകാര്യ സ്ഥാപനം പൊലീസിൽ പരാതി നൽകി. കോടതി ഉത്തരവ് മുഖേന ഇരുവരെയും അറസ്റ്റ് ചെയ്‌തു. ഇതിനിടെയാണ് സ്വർണം യൂത്ത് കോൺഗ്രസ് നേതാവാണ് തന്നതെന്ന കാര്യം ഇവർ മൊഴിനൽകിയത്.