ജില്ലാ പഞ്ചായത്തും വനം വകുപ്പുമായി ചേർന്ന് പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ 11 കിലോമീറ്റർ സൗരോർജ തൂക്കുവേലി പൂർത്തിയാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ എന്നിവരടങ്ങിയ സംഘം ഇന്നലെ സൗരോർജ തൂക്കവേലി സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് വിഹിതത്തിനൊപ്പം ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ചേർത്താണ് പദ്ധതി നടപ്പിലാക്കുന്നത്.
കണ്ണൂർ ജില്ലയിലെ വനാതിർത്തികളിൽ കാട്ടാനയുമായുള്ള സംഘർഷം വർദ്ധിച്ച് കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഉദയഗിരി, ഉളിക്കൽ, എരവേശ്ശി ഗ്രാമപഞ്ചായത്തുകളിലും തൂക്കുവേലി സ്ഥാപിക്കും. ഇതോടെ വനാതിർത്തിയിലെ 41 കിലോമീറ്ററിൽ സൗരോർജ തൂക്കവേലിയുടെ സംരക്ഷണം ലഭിക്കും.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കെ.രത്നകുമാരി, അംഗം എൻ.പി.ശ്രീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടെസ്സി ഇമ്മാനുവൽ( എരവേശ്ശി) സാജു സേവ്യർ(പയ്യാവൂർ), കെ എസ് ചന്ദ്രശേഖരൻ(ഉദയഗിരി), പി സി ഷാജി(ഉളിക്കൽ), കണ്ണൂർ ഡി എഫ് ഒ പി കാർത്തിക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.