സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊലീഗ് വിട്ട് യൂറോപ്പിലേക്ക് തിരിച്ചുപോകുമെന്ന് അല്‍ നസര്‍ ടീം പരിശീലകന്‍ റൂഡി ഗാര്‍സ്യ. യൂറോപ്പിലാകും റൊണാള്‍ഡോ കരിയര്‍ അവസാനിപ്പിക്കുകയെന്നും റൂഡി ഗാര്‍സ്യ പറഞ്ഞു. അല്‍ നസറില്‍ രണ്ടര വര്‍ഷത്തെ കരാറില്‍ 1700 കോടിയിലേറെ രൂപയ്ക്കാണ് റൊണാള്‍ഡോ എത്തിയത്. കരാര്‍ നീട്ടാനും സൗദിയില്‍ തന്നെ വിരമിക്കാനുമുള്ള താല്‍പ്പര്യം ക്ലബ്ബ് ഉടമകള്‍ അറിയിച്ച പശ്ചാത്തലത്തിലാണ് റൂഡി ഗാര്‍സ്യയുടെ പരാമര്‍ശം.
റൊണാള്‍ഡോയെ നിലനിര്‍ത്തി, സൗദിയുടെയും ഏഷ്യന്‍ ഫുട്‌ബോളിന്റെയും വളര്‍ച്ചയ്ക്കായി ഉപയോഗിക്കാമെന്ന താല്‍പര്യമാണ് സൗദി ക്ലബ്ബ് ഉടമകള്‍ അറിയിച്ചത്. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള റൊണാള്‍ഡോയ്ക്ക് മൂന്ന് മത്സരങ്ങള്‍ കളിച്ചെങ്കിലും അല്‍നസറില്‍ ഗോള്‍ നേടാനായിട്ടില്ല. അഭിമുഖത്തിലെ വിവാദപരാമര്‍ശത്തെത്തുടര്‍ന്ന് ഡിസംബറിലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് അല്‍ നസറിലെത്തിയത്.
സൗദി സൂപ്പര്‍ കപ്പ് സെമിയിലാണ് ക്രിസ്റ്റ്യാനോ അല്‍ നസറിനായി രണ്ടാം മത്സരം കളിച്ചത്. താരത്തിന് ഗോള്‍ നേടാനായില്ലെന്ന് മാത്രമല്ല, അല്‍ ഇത്തിഹാദിനോട് തോറ്റ് പുറത്തായി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോല്‍വി. റൊമാരീഞ്ഞോയുടെ ഗോളില്‍ മുന്നിലെത്തിയ അല്‍ ഇത്തിഹാദിനെതിരെ സമനില ഗോള്‍ നേടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സുവര്‍ണാവസരം ലഭിച്ചിരുന്നെങ്കിലും ഗോളാക്കാനായില്ല. പിന്നീട് ഏതാനും അവസരങ്ങള്‍ കൂടി റൊണാള്‍ഡോക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
റെക്കോര്‍ഡ് തുകയ്ക്കായിരുന്നു താരം സൗദിയിലെത്തിയത്. രണ്ടാഴ്ച്ച മുമ്പ് ലിയോണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നെയ്മറും ഉള്‍പ്പെടുന്ന പി എസ് ജിയുമായുള്ള സൗഹൃദ മത്സരമായിരുന്നു റൊണാള്‍ഡോയുടെ ആദ്യ മത്സരം. പിഎസ്ജിക്കെതിരായ സൗഹൃദ പോരാട്ടത്തില്‍ 4-5ന് തോറ്റെങ്കിലും രണ്ട് ഗോളടിച്ച് റൊണാള്‍ഡോ തിളങ്ങിയിരുന്നു. ഫെബ്രുവരി മൂന്നിന് സൗദി പ്രൊലീഗില്‍ അല്‍ ഫത്തേയുമായാണ് അല്‍ നസ്‌റിന്റെ അടുത്ത മത്സരം.