കോവിഡ്; കുവൈത്തിൽ വിദേശികൾക്ക് വിസ നടപടികളിൽ നൽകിയ പ്രത്യേക ആനുകൂല്യം അവസാനിക്കുന്നു
കോവിഡ് പശ്ചാത്തലത്തിൽ വിദേശികൾക്ക് വിസ നടപടികളിൽ നൽകിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും. ആറു മാസമായി രാജ്യത്തിനു പുറത്തുള്ള കുവൈത്ത് വിസയുള്ള പ്രവാസികൾ ജനുവരി 31നു മുമ്പ് തിരിച്ച് പ്രവേശിക്കണം. അല്ലാത്തപക്ഷം ഇവരുടെ റെസിഡൻസ് പെർമിറ്റ് റദ്ദാകും. ഇതോടെ വിസയുള്ള പലരും കുവൈത്തിൽ മടങ്ങിയെത്തി.
കോവിഡിനെ തുടർന്ന് കുടുംബങ്ങളെ നാട്ടിലാക്കിയ പലരും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നുണ്ട്. വിസ നഷ്ടപ്പെടാതിരിക്കാൻ കുവൈത്തിൽ വന്ന് മടങ്ങുന്നവരും ഉണ്ട്. മൂന്നു വർഷത്തിനുശേഷം കുടുംബം നാട്ടിൽനിന്ന് എത്തിയതായും നടപടിക്രമങ്ങളിൽ ഒരു പ്രയാസവും നേരിട്ടില്ലെന്നും ഒരു പ്രവാസി അറിയിച്ചു. സ്വകാര്യ കമ്പനി വിസയായ 18ാം നമ്പറിലുള്ളവർക്ക് 2022 ഒക്ടോബർ 31 ആയിരുന്നു തിരിച്ചെത്താനുള്ള അവസാന ദിവസം. ഗാർഹിക തൊഴിലാളികൾക്ക് നേരത്തേ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു.
സർക്കാർ ജീവനക്കാരുടെ 17ാം നമ്പർ വിസ, കുടുംബ വിസ തുടങ്ങി ദീർഘകാലമായി രാജ്യത്തിനു പുറത്തുള്ളവർക്കെല്ലാം ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. 31നു ശേഷം മറ്റൊരു അവസരം ഉണ്ടാകില്ല. റെസിഡൻസ് പെർമിറ്റ് റദ്ദായാൽ പുതിയ നടപടിക്രമങ്ങളും അംഗീകാരവും ഇല്ലാതെ രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ കഴിയില്ല.കോവിഡ് സാഹചര്യത്തിൽ രോഗം പടരുന്നത് ചെറുക്കൽ, വിമാന സർവിസ് റദ്ദാകൽ, തൊഴിൽ മേഖലയുടെ അടഞ്ഞുകിടക്കൽ എന്നിവ കണക്കിലെടുത്താണ് കുവൈത്ത് വിസയുള്ള രാജ്യത്തിന് പുറത്തു കഴിയുന്ന വിദേശികൾക്ക് പ്രത്യേക ആനുകൂല്യം നൽകിയത്.