ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തി; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞത് എതിരില്ലാത്ത രണ്ട് ഗോളിന്
ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക പോരാട്ടത്തിൽ ജയവുമായി മലയാളികളുടെ മഞ്ഞപ്പട തിരിച്ചെത്തി. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഇരട്ട ഗോൾ കരുത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളിനാണ് തകർത്തെറിഞ്ഞത്. ലീഡെടുക്കാനുള്ള സുവര്ണാവസരങ്ങള് ആദ്യ മിനിറ്റില്‍ തന്നെ ലഭിച്ചെങ്കിലും 42-ാം മിനിറ്റിലും 44-ാം മിനിറ്റിലും വല കുലുക്കി ദിമിത്രിയോസ് ഡയമന്റക്കോസ് കേരള ബ്ലാസ്റ്റേഴ്സിന് വിജയമൊരുക്കിയത്.
വിജയത്തോടെ ടീം പോയൻറ് പട്ടികയിൽ വീണ്ടും മൂന്നാം സ്ഥാനത്തെത്തി. നേരത്തെ മുംബൈ സിറ്റിക്കെതിരെയും എഫ്സി ഗോവക്കെതിരെയും പരാജയപ്പെട്ട ടീം പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് വീണിരുന്നു. പ്ലേ ഓഫിന് മുമ്പ് ഇനി 6 മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പ്ലേ ഓഫ് പ്രതീക്ഷയുള്ള ബ്ലാസ്റ്റേഴ്സിന് ഈ വിജയം വലിയ ആശ്വാസം പകരുന്നുണ്ട്.
ജിയാന്നുവിനെയും ദിമിത്രിയോസ് ഡയമന്റക്കോസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-2-2 ശൈലിയിലാണ് ഇവാന് വുകോമനോവിച്ച് തന്റെ ടീമിനെ അണിനിരത്തിയത്. കരണ്‍ജിത് സിംഗ് ഗോള്‍വല കാക്കാനിറങ്ങിയപ്പോള്‍ മലയാളി താരം കെ.പി. രാഹുലും ആദ്യ ഇവലനിൽ ഇടംപിടിച്ചു.
ഹോം ഗ്രൗണ്ടില്‍ തുടക്കം മുതല്‍ അവസരങ്ങള്‍ തുറന്നെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഗോളി അരിന്ദം ഭട്ടാചാര്യയെ മറികടന്ന് വലയിലേക്ക് പ്രവേശിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിനായില്ല. 33-ാം മിനുറ്റില്‍ ലൂണയുടെ മഴവില്‍ ഫ്രീകിക്കില്‍ ഗോള്‍ പ്രതീക്ഷിച്ചെങ്കിലും പന്ത് ഗോളിയുടെ കൈകളില്‍ അവസാനിച്ചു.
പിന്നാലെ ഗ്യാലറിയിൽ ആർത്തുവിളിച്ച ആരാധകർക്ക് ആഘോഷിക്കാൻ ആദ്യ ഗോളെത്തി. 42-ാം മിനിറ്റിൽ ബ്രൈസ് മിറണ്ടയുടെ അസിസിറ്റിൽ ദിമിത്രിയോസിന്റെ ഫിനിഷ്. രണ്ട് മിനിറ്റുകൾക്ക് ശേഷം അഡ്രിയാന്‍ ലൂണയുടെ പാസിൽ നിന്ന് ദിമിത്രിയോസ് നോർത്ത് ഈസ്റ്റിന് മേലുള്ള പ്രഹരം ഇരട്ടിയാക്കി.