ഋഷഭ് പന്തിന്റെ അഭാവം ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയില്‍ ഇന്ത്യയെ ബാധിക്കുമെന്ന് ചാപ്പല്‍

അടുത്ത മാസം ആരംഭിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ഋഷഭ് പന്തിന്റെ അഭാവം ബാധിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകനും കമന്റേറ്ററുമായ ഇയാന്‍ ചാപ്പല്‍. 2021 ല്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി പരമ്പര നേടിയപ്പോള്‍ പന്തായിരുന്നു പ്രധാന വിജയശില്‍പ്പി. ഓസീസ് പേസര്‍മാര്‍ക്കെതിരെ ആക്രമിച്ചു കളിച്ച പന്താണ് പലപ്പോഴും മല്‍സര ഗതി തിരിച്ചത്.

‘പന്തിന്റെ അഭാവം ഇന്ത്യക്കുണ്ടാക്കുന്ന പ്രധാന നഷ്ടം റണ്‍ റേറ്റിലായിരിക്കും. പന്തിന്റെ കൂസലില്ലാത്ത ആക്രമണ മനോഭാവം മികച്ച റണ്‍റേറ്റ് നേടാന്‍ ഇന്ത്യയെ സഹായിച്ചിരുന്നു. ബൗളര്‍മാരുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ പന്തിനുള്ള ആഗ്രഹത്തെ മറികടക്കാന്‍ മറ്റാര്‍ക്കും പറ്റില്ല.

ടോപ് ഓഡര്‍ ബാറ്റര്‍മാരെ ഇന്ത്യക്ക് അതിനാല്‍ കൂടുതല്‍ ആശ്രയിക്കേണ്ടി വരും,’ ചാപ്പല്‍ അഭിപ്രായപ്പെട്ടു.
രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര എന്നീ ബാറ്റര്‍മാരുടെ പ്രധാന ഉത്തരവാദിത്തം ഓസീസ് സ്പിന്നര്‍ നേഥന്‍ ലയണിന്റെ മേല്‍ മാനസിക മേധാവിത്തം നേടുകയെന്നതാവുമെന്നും ചാപ്പല്‍ നിരീക്ഷിച്ചു.

റോഡ് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള പന്ത് ഫെബ്രുവരി 9ന് ആരംഭിക്കുന്ന പരമ്പരയില്‍ കളിക്കുന്നില്ല. പന്തിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എസ് ഭരതിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കപ്പായി ഇഷാന്‍ കിഷനെയും എടുത്തിട്ടുണ്ട്.

Leave A Reply