വ്യാജ ഐ ഫോണ്‍ വിറ്റെന്ന് പരാതി; തിരുവനന്തപുരത്ത് നാല് കടകള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാജ ഐ ഫോൺ വിറ്റ നാല് കടകൾക്കെതിരെ കേസ്. തകരപ്പറമ്പിലുള്ള നാല് കടകൾക്കെതിരെയാണ് ഫോർട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗ്രാഫിൻ ഇന്റലിജന്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ ആപ്പിൾ ഉപകരണങ്ങൾ വിൽക്കുന്നത് തടയാനും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും ആപ്പിൾ കമ്പനി നിയോഗിച്ച കമ്പനിയാണിത്.

ഗ്രാഫിൻ ഇന്റലിജറ്റൽ കമ്പനിയുടെ അന്വേഷണ ഓഫീസറാണ് ഫോർട്ട് പോലീസിന് പരാതി നൽകിയത്. തകരപ്പറമ്പിലെ അപ്പോളോ ടയേർസിന് സമീപത്തെ മൊബൈൽ ഷോപ്പീ , ശ്രീ ഭാസ്കര കോംപ്ലക്സിലെ മൊബൈൽ സിറ്റി , നാലുമുക്കിലെ തിരുപ്പതി മൊബൈൽസ് , നാലുമുക്കിൽ തന്നെയുള്ള സെല്ലുലാർ വേൾഡ് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്.

ഈ കടകളിൽ ആപ്പിൾ കമ്പനിയുടെ ഐ ഫോൺ അടക്കമുള്ള വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്നായിരുന്നു പരാതിയിൽ പറയുന്നത്. ഡെപ്യൂട്ടി കമ്മീഷണർക്ക് കമ്പനി നൽകിയ പരാതി ഫോർട് പോലീസിന് കൈമാറുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 486ാം വകുപ്പും കോപ്പി റൈറ്റ് നിയമത്തിലെ 63 (A) വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഫോർട്ട് എസ്ഐ ജി ഷിജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

Leave A Reply