എം.ശിവശങ്കർ സർവീസിൽനിന്ന് വിരമിക്കുന്നു ; അടുത്ത നീക്കം മലയാളികൾ ഉറ്റുനോക്കുന്നു

 മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഈ മാസം സർവീസിൽനിന്ന് വിരമിക്കുകയാണ് . അദ്ദേഹത്തിന് പുതിയ പദവി എന്തെങ്കിലും നൽകി ഭരണ സംവിധാനത്തിൽ പങ്കാളിയാക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത് ?

നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ച ശിവശങ്കർ 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. സർവീസിൽനിന്ന് സ്വയം വിരമിക്കാൻ നേരത്തെ അപേക്ഷ നൽകിയെങ്കിലും കോടതിയിൽ കേസുള്ളതിനാൽ അനുമതി ലഭിച്ചില്ല.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ശിവശങ്കർ. ഡിജിപിയായിരിക്കെ ജേക്കബ് തോമസിനോട് കാട്ടിയതൊന്നും സർക്കാർ വലിയ വിവാദത്തിൽ കുടുങ്ങിയിട്ടും ശിവശങ്കറിനോട് കാട്ടിയില്ല. ജയിലിൽ നിന്നിറങ്ങിയപ്പോൾ സർവീസിൽ തിരിച്ചെടുക്കുകയും സുപ്രധാന വകുപ്പുകളുടെ ചുമതല നൽകുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ഇനിയെന്തെന്ന ചോദ്യം ഉയരുന്നത്. വിരമിച്ച ശേഷം ദുബായിൽ താമസിക്കാനായിരുന്നു ശിവശങ്കറിന്റെ താൽപ്പര്യമെന്ന തരത്തിൽ നേരത്തെ സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. എന്നാലത് ശിവശങ്കർ പറഞ്ഞിട്ടില്ല .

ഇപ്പോൾ ശിവശങ്കർ ഉൾപ്പെട്ട ലൈഫ് മിഷൻ അഴിമതിയിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ നിയമ നടപടികൾ ശിവശങ്കറിന് നേരിടണം . ഈ വിവാദങ്ങൾക്കിടയിലാണ്  ജയിൽ ജീവിതം പശ്ചാത്തലമാക്കി ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരിൽ പുസ്തമെഴുതിയത് .

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്നും സ്വർണക്കടത്ത് ബന്ധം അറിയില്ലായിരുന്നെന്നും ശിവശങ്കർ ആദ്യം മുതലേ വെളിപ്പെടുത്തുന്ന കാര്യമാണ് . ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയതിന് പിന്നാലെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന പേരിൽ ശിവശങ്കറിനെ രൂക്ഷമായി വിമർശിച്ച് സ്വപ്നയും പുസ്തകമെഴുതി.

ഇത് രണ്ടും വലിയ വിവാദമായി മാറി. പുതിയ സാഹചര്യത്തിൽ ശിവശങ്കർ പുസ്തകം എഴുതാനുള്ള സാധ്യത ഏറെയാണ്. സർവ്വീസിൽ നിന്ന് വിരമിച്ചാൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി ശിവശങ്കർ തുടരുമെന്നതിൽ സംശയമില്ല . പക്ഷെ ഭരണ സംവിധാനത്തിൽ വരുമോയെന്നാണറിയാനുള്ളത് .

ശിവശങ്കർ വിരമിക്കുമ്പോൾ സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി ഉണ്ടാകും. ശിവശങ്കർ കൈകാര്യം ചെയ്തിരുന്ന യുവജന കാര്യ വകുപ്പിന്റെ ചുമതല വിശ്വസ്തരായ മറ്റാർക്കെങ്കിലും നൽകണം . ഇതോടൊപ്പം മൃഗ സംരക്ഷണം , ഷീരോൽപ്പാദനം  , മ്യൂസിയം വകുപ്പു കളുടെ അധിക ചുമതലയും ശിവശങ്കറിനാണ് .

സ്വർണ്ണകടത്ത് ആരോപണത്തിന് മുമ്പ് കേരളത്തിലെ ഏറ്റവും തിളക്കമാർക്ക് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കർ. സ്വർണക്കടത്തു സംഘത്തെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചെന്ന കേസിൽ 2020 ഒക്ടോബർ 28നാണ് എം.ശിവശങ്കറിനെ ഇഡി അറസ്റ്റു ചെയ്തത്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉന്നതപദവി വഹിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഇത്തരമൊരു കേസിൽ അറസ്റ്റിലായതോടെ വലിയ രാഷ്ട്രീയവിവാദങ്ങൾക്കാണ് വെടിമരുന്നിട്ടത് . സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ പേരുകൾ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചും ആരോപണം ഉയർന്നത്.

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഐടി സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി. ഇതോടെ ശിവശങ്കർ ഒരു വർഷത്തെ അവധിയിൽ പ്രവേശിച്ചു. പിന്നാലെ അറസ്റ്റുമുണ്ടായി. 1978 ലെ എസ്എസ്എൽസി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ശിവശങ്കർ ബിടെക് ബിരുദം കരസ്ഥമാക്കിയ ശേഷം റിസർവ് ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു.

പിന്നീടാണ് ഡപ്യൂട്ടി കലക്ടറായി സംസ്ഥാന സർവീസിലെത്തിയത് . 2000 ൽ ഐഎഎസ് കൺഫർ ചെയ്തു. 2016 ൽ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി പദവിയിലെത്തി. 2019ൽ പ്രിൻസിപ്പൽ സെക്രട്ടറിയായി. മഹാപ്രളയത്തിനു ശേഷം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൾട്ടന്റായി .

 

 

 

 

 

 

Leave A Reply