ദുബൈ: വിമാനം ഉപയോഗിച്ച് രാസവസ്തുക്കള്‍ മേഘങ്ങളില്‍ വിതറി മഴ പെയ്യിക്കുന്ന ‘ക്ലൗഡ് സീഡിങ്’ സംവിധാനം വ്യാപിപ്പിച്ച് യു.എ.ഇ. ആറ് വർഷത്തിനിടെ ക്ലൗഡ് സീഡിങ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി ഉയർത്തിയെന്ന് അധികൃതർ വ്യക്തമാക്കി. അബൂദബിയിൽ നടന്ന ഇന്റർനാഷനൽ റെയിൻ എൻഹാൻസ്മെന്റ് ഫോറത്തിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം 311 ക്ലൗഡ് സീഡിങ്ങാണ് നടത്തിയത്. 1000 വിമാന മണിക്കൂറുകളാണ് ഇതിനായി ഉപയോഗിച്ചത്. 2016ൽ 177 വിമാനങ്ങൾ ക്ലൗഡ് സീഡിങ് നടത്തിയ സ്ഥാനത്താണ് ഇപ്പോൾ ഇരട്ടിയായി ഉയർന്നിരിക്കുന്നത്. യു.എ.ഇ ഇതുവരെ മഴ വർധിപ്പിക്കാനുള്ള പദ്ധതിയിൽ 66 ദശലക്ഷം ദിർഹമാണ് നിക്ഷേപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ വടക്കൻ എമിറേറ്റുകളിൽ മഴ പെയ്യിക്കുന്നതിനായി ക്ലൗഡ് സീഡിങ് നടത്തിയിരുന്നു.