പ്രവാസി ഡ്രൈവറുടെ കൈയില്‍ യുഎഇ പാസ്പോര്‍ട്ട്; വിമാനത്താവളത്തില്‍ കുടുങ്ങിയത് സംശയാസ്പദമായ ‘ഒരു വാക്കില്‍’
മനാമ: വ്യാജ യുഎഇ പാസ്പോര്‍ട്ടുമായി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവ് കുടുങ്ങി. ബഹ്റൈനിലെ ഒരു ക്ലീനിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പാകിസ്ഥാന് പൗരനാണ് വ്യാജ പാസ്പോര്‍ട്ടുമായി യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിക്കവെ പിടിയിലായത്. വ്യാജ രേഖ ചമച്ചതിന് കുറ്റം ചുമത്തി ഇയാളെ കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.
38 വയസുകാരനായ യുവാവ് യുഎഇ പൗരനാണെന്നാണ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഇയാളുടെ പാസ്പോര്‍ട്ടിന്റെ മെറ്റീരിയല്‍ അത്ര നിലവാരമുള്ളതല്ലെന്ന് തിരിച്ചറിഞ്ഞതോടെ കസ്റ്റംസ് ഓഫീസര്‍ക്ക് സംശയം തോന്നി. ഇതിന് പുറമെ സംസാരിച്ചപ്പോള്‍ സാധാരണ എമിറാത്തികള്‍ ഉപയോഗിക്കാത്ത ഒരു വാക്ക് ഇയാളുടെ വായില്‍ നിന്ന് പുറത്തുവന്നതോടെ കള്ള പാസ്പോര്ട്ടാണെന്ന ഉദ്യോഗസ്ഥന്റെ സംശയം ബലപ്പെടുകയും ചെയ്തു.