യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് ; കുട്ടികളെ നേരത്തെ വീടുകളിലേക്ക് അയച്ച് സ്കൂളുകള്‍

അബുദാബി: യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ചില മേഖലകളില്‍ സ്‍കൂളുകളില്‍ നിന്ന് നേരത്തെ വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് അയച്ചു. ഷാര്‍ജയിലെ കല്‍ബയിലും ഫുജൈറയിലുമുള്ള ചില സ്‍കൂളുകളാണ് പ്രവൃത്തി സമയം വെട്ടിച്ചുരുക്കിയത്. ഇന്നും നാളെയുമായി തീരുമാനിച്ചിരുന്ന ഫീല്‍ഡ് ട്രിപ്പുകളും റദ്ദാക്കിയതായി സ്‍കൂളുകള്‍ അറിയിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ക്ലാസുകള്‍ നേരത്തെ അവസാനിപ്പിക്കുന്നതെന്നും ഫീല്‍ഡ് ട്രിപ്പുകള്‍ റദ്ദാക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് അയച്ച മെസേജുകളിലും ഇ-മെയില്‍ സന്ദേശങ്ങളിലും സ്‍കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ‘ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാജ്യത്ത് വ്യത്യസ്‍ത തീവ്രതകളിലുള്ള മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്നും’ അധികൃതര്‍ അറിയിച്ചു.

Leave A Reply