കുണ്ടറ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ സഹായികൾ അടക്കം മൂന്നുപേർ പിടിയിൽ.
പെൺകുട്ടിയ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച പെരുമാതുറ സ്വദേശി ജസീർ (26), വാഹനവും വീടെടുത്ത് നൽകിയും സഹായിച്ച വിതുര തൊളിക്കോട് കുന്നുംപുറത്ത് വീട്ടിൽ നൗഫൽ (27), പെരുമാതുറ വലിയവിളാകം വീട്ടിൽ നിഹാസ് (20) എന്നിവരെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ജസീർ കടത്തിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് 21ന് രാത്രി ഒമ്പതോടെയാണ് കുണ്ടറ സ്റ്റേഷനിൽ പരാതി നൽകിയത്.
എന്നാൽ മാതാവ് നൽകിയ വിവരങ്ങളിലെ വൈരുധ്യം പോലീസിനെ ആദ്യഘട്ടത്തിൽ വട്ടംചുറ്റിച്ചെങ്കിലും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥുരുൾപ്പെടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. പ്രതിയെ ചോദ്യംചെയ്തതിൽ നിന്നുമാണ് സഹായികളെ പിടികൂടിയത്. കുണ്ടറ എസ്.എച്ച്.ഒ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.