ഫിഫ ലോകകപ്പ് 2022; ഖത്തർ എക്സിക്യൂട്ടിവ് വിമാനങ്ങളുടെ പുറപ്പെടലിലും വരവിലും 550 ശതമാനം വർധനവ്
ഫിഫ ലോകകപ്പ് 2022 കാലയളവിൽ ഖത്തർ എയർവേസ് ഗ്രൂപ്പിന്റെ പ്രൈവറ്റ് ജെറ്റ് ചാർട്ടർ ഡിവിഷനായ ഖത്തർ എക്സിക്യൂട്ടിവ് വിമാനങ്ങളുടെ പുറപ്പെടലിലും വരവിലും 550 ശതമാനം വർധനവ് രേഖപ്പെടുത്തി. ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥിതിചെയ്യുന്ന ഖത്തർ എക്സിക്യൂട്ടിവിന്റെ എഫ്.ബി.ഒ 2022 നവംബർ മുതൽ ഡിസംബർ വരെ കാലയളവിൽ വിമാനങ്ങളുടെ ആഗമനത്തിൽ 595 ശതമാനം വർധനവും പുറപ്പെടലിൽ 574 ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയത്. ലോകകപ്പ് ഫൈനലിനുശേഷം ഇവിടെനിന്ന് 296 ജെറ്റുകളാണ് പറന്നുയർന്നത്.
ലോകകപ്പിന് മുന്നോടിയായി ദോഹയിലെ നിലവിലുള്ള ടെർമിനൽ ഖത്തർ എക്സിക്യൂട്ടിവ് നവീകരിക്കുകയും എഫ്.ബി.ഒ പുനരുജ്ജീവിപ്പിക്കുകയും അതുവഴി ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുകയും ചെയ്തു. ഫുഡ് ആൻഡ് ബിവറേജ്, ബാഗേജ് ഹാൻഡ്ലിങ്, സേവനങ്ങൾ നവീകരിക്കുക, അധിക ജീവനക്കാരെ പരിശീലിപ്പിക്കുക, ഓൺസൈറ്റ് സൗകര്യങ്ങൾ നവീകരിക്കുക എന്നിവയെല്ലാം ഇതിലുൾപ്പെടും. ലോകകപ്പ് മത്സരങ്ങൾ തടസ്സമില്ലാതെ സ്ട്രീം ചെയ്യുന്നതിന് ആരാധകർക്ക് മികച്ച കണക്ടിവിറ്റിക്കായി ടെർമിനലിലും ഫ്ലീറ്റിലും വൈഫൈ കണക്ഷനുകൾ നൽകുകയും ചെയ്തു.