15,000 കോഴിമുട്ടകൾ മോഷ്ടിച്ചു; മുട്ടക്കള്ളന്‍മാര്‍ ഒടുവില്‍ അറസ്റ്റിൽ

കോഴിക്കോട്: തമിഴ്‌നാട്ടിൽ നിന്ന് മൊത്തക്കച്ചവടത്തിനായി കൊണ്ടുവന്ന 75000 രൂപ വിലവരുന്ന 15,000 കോഴി മുട്ടകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ തെക്കേ കോയിക്കൽ പീറ്റർ സൈമൺ എന്ന സനു (42) മങ്ങോട്ട് വയൽ ഇല്ലത്ത് കിഴക്കയിൽ മീത്തൽ അർജുൻ കെ വി (32) എന്നിവരെയാണ് നടക്കാവ് ഇൻസ്‌പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് പിടികൂടിയത്.

പുലർച്ചെ മാർക്കറ്റിൽ എത്തിക്കേണ്ട കോഴിമുട്ടകളുമായി അർദ്ധരാത്രിയിൽ കോഴിക്കോട് നഗരത്തിൽ ഗുഡ്‌സ് ഓട്ടോയിൽ എത്തിയ ഡ്രൈവർ അറിയാതെയാണ് പ്രതികൾ കവർച്ച നടത്തിയത്. വാഹനം വെസ്റ്റ്ഹിൽ ഭാഗത്ത് റോഡരുകിൽ നിർത്തിയ ശേഷം ഡ്രൈവർ കുറച്ച് ദൂരം മാറി വിശ്രമിക്കുന്ന വേളയിൽ മറ്റൊരു പാസഞ്ചർ ഓട്ടോറിക്ഷയിൽ വന്ന പ്രതികൾ മുട്ടകൾ ഗുഡ്‌സ് ഓട്ടോറിക്ഷ സഹിതം കവരുകയായിരുന്നു. ഗുഡ്‌സ് ഓട്ടോറിക്ഷ വിജനമായ സ്ഥലത്ത് കൊണ്ട് പോയ ശേഷം വണ്ടിയിൽ നിന്നും മുട്ടകൾ പല സമയങ്ങളിലായി പാസഞ്ചർ ഓട്ടോറിക്ഷയിൽ കയറ്റി കച്ചവടം നടത്തുകയായിരുന്നു.

കോഴിക്കോട് നഗരത്തിൽ തന്നെയുള്ള വലിയ സൂപ്പർ മാർക്കറ്റുകളിലും മാളുകളിലുമായി ചുരുങ്ങിയ വിലക്ക് മുട്ടകൾ വിൽക്കുകയായിരുന്നു സംഘം ചെയ്‍തത്. മൊബൈൽ ഫോണുകളും മറ്റും ഉപയോഗിക്കാതെ വളരെ ആസൂത്രിതമായി കളവുകൾ നടപ്പിലാക്കിയ പ്രതികളെ നിരവധി സി സി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടെയും, സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

Leave A Reply