നിത്യവും സോഷ്യല്‍ മീഡിയയിലൂടെ രസകരവും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതുമായ എത്രയോ വീഡിയോകള്‍ വരാറുണ്ട്. ഇവയില്‍ കുഞ്ഞുങ്ങളുടെ വീഡിയോ ആണെങ്കില്‍ ഇവയ്ക്ക് ധാരാളം കാഴ്ചക്കാരെ ലഭിക്കാറുണ്ട്.
കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളും സംസാരവുമെല്ലാം വീഡിയോ ആയി വരുമ്പോള്‍ അത് മുതിര്‍ന്നവരെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കാറുണ്ട്. പലപ്പോഴും മുതിര്‍ന്നവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അറുതി വരുത്താൻ പോലും ഇത്തരം വീഡിയോകള്‍ കാര്യമായി സഹായിക്കാറുണ്ട് എന്നതാണ് സത്യം.
ഒന്നോ രണ്ടോ തവണയല്ല, പലതവണ വീണ്ടും കാണാൻ തോന്നിക്കുന്ന അത്രയും ‘ക്യൂട്ട്’ ആയിരിക്കും മിക്കപ്പോഴും കുഞ്ഞുങ്ങളുടെ വീഡിയോ. സമാനമായ രീതിയില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു അച്ഛനും കുഞ്ഞും തമ്മിലുള്ള സംഭാഷണം.
അമ്മയാണ് രസകരമായ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. രണ്ട് വയസില്‍ കൂടുതല്‍ കുഞ്ഞിന് പ്രായം തോന്നിക്കുന്നില്ല. എന്നാല്‍ നന്നായി സംസാരിക്കുന്നുണ്ട് ഈ കുഞ്ഞ്. പക്ഷേ എന്താണ് പറയുന്നതെന്ന് ഒട്ടും വ്യക്തമാകുന്നുമില്ല. ഇതോടെ വെട്ടിലായിരിക്കുകയാണ് അച്ഛൻ.