റിയാദ്: ഇന്ത്യൻ അഭിനയ ചക്രവർത്തി അമിതാഭ് ബച്ചന് സൗദി അറേബ്യ ‘ജോയ് അവാർഡ്’ സമ്മാനിച്ചു. വിവിധ രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കാൻ സൗദി ജനറൽ എൻറർടൈമെൻറ് അതോറിറ്റി എം.ബി.സി ഗ്രൂപ്പുമായി സഹകരിച്ച് ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണത്തിന്‍റെ മൂന്നാം പതിപ്പിനായിരുന്നു ശനിയാഴ്ച രാത്രി റിയാദ് ബോളിവാഡ് സിറ്റിയിലെ ബക്കർ അൽ ഷെദ്ദി തിയറ്റർ വേദിയായത്.
ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവനക്കുള്ള ജോയ് അവാർഡാണ് ബോളിവുഡിന്‍റെ സ്വന്തം ബിഗ് ബി ഏറ്റുവാങ്ങിയത്. അറബ് ലോകത്തെയും അന്താരാഷ്ട്ര തലത്തിലെയും പ്രശസ്ത ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും ഗായകരും മറ്റ് കലാകാരന്മാരും കായിക താരങ്ങളും സമൂഹ മാധ്യമ താരങ്ങളും വർണശബളവും പ്രൗഢവുമായ അന്തരീക്ഷത്തിൽ അതിന് സാക്ഷ്യം വഹിച്ചു.