ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിക്കാന്‍ വജ്രായുധത്തെ ഇറക്കാന്‍ ഒരുങ്ങി ഓസീസ്!

സിഡ്‌നി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരെ വജ്രായുധത്തെ ഇറക്കാനൊരുങ്ങി ഓസ്ട്രേലിയ. 150 കിലോമീറ്റര്‍ വേഗത്തില്‍ അനായാസം പന്തെറിയുന്ന അതിവേഗക്കാരന്‍ ലാന്‍സ് മോറിസിനെ നാഗ്‌പൂര്‍ ടെസ്റ്റില്‍ കളിപ്പിച്ചേക്കും.

മിച്ചല്‍ സ്റ്റാര്‍ക്ക് പരിക്കേറ്റ് ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തായതോടെ ലാന്‍സ് മോറിസ് പ്ലേയിംഗ് ഇലവനിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രെറ്റ് ലീ, ഷോണ്‍ ടെയ്റ്റ്, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയവരെ പോലെ അതിവേഗം കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ പോന്ന താരമാണ് മോറിസ്. തുടര്‍ച്ചയായി 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഷെഫീല്‍ഡ് ഷീള്‍ഡിലും ബിഗ്‌ബാഷ് ലീഗിലും ശ്രദ്ധിക്കപ്പെട്ട താരമാണ്. നിലവിലെ ഓസീസ് സ്‌ക്വാഡില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് മാത്രമാണ് മോറിസിനോളം വേഗമുള്ളത്. മികച്ച ബൗണ്‍സ് ലഭിക്കുന്ന താരമാണ് എന്നതിനാല്‍ മോറിസ് പരമ്പരയിലെ എക്‌സ് ഫാക്‌ടറാവും എന്ന് ഓസീസ് വിശ്വസിക്കുന്നു. ബിഗ് ബാഷ് ലീഗില്‍ സ്‌കോര്‍ച്ചേര്‍സിനായാണ് മോറിസ് കളിക്കുന്നത്. നാഗ്‌പൂരിലേക്ക് തിരിക്കും മുമ്പ് ബെംഗളൂരുവില്‍ ഓസീസ് ടീം പരിശീലനം നടത്താനിടയുണ്ട്.

Leave A Reply