തിരുവനന്തപുരം: ഇരുന്നൂറിലേറെ കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘം ഭാരവാഹികളുടെ മുൻകൂർ ജാമ്യഹർജി കോടതി തള്ളി. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താനാകൂവെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളിയത്.
ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിച്ചത്.സഹകരണ സംഘം മുൻ പ്രസിഡന്റും വഞ്ചിയൂർ ഹരിത നഗർ എച്ച്.എൻ.ആർ.എ 326 ശ്രീരമണയിൽ ഗോപിനാഥൻ നായർ,മണക്കാട് കമലേശ്വരം ശിവദനം സ്വദേശിയും സംഘത്തിലെ ക്ലർക്കുമായ രാജീവ് എന്നിവരാണ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നത്.
2000ത്തോളം നിക്ഷേപകരെ കബളിപ്പിച്ച് അവർക്ക് വ്യാജരസീതുകൾ നൽകി 200കോടിയിലധികം രൂപ തട്ടിയെടുത്തതായി നിലവിലെ അന്വേഷണത്തിൽ ബോദ്ധ്യമായെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സർക്കാരിന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.