‘സിറാജും ഷമിയും ക്വാളിറ്റി ബൗളേഴ്‌സ്, റണ്ണെടുക്കാൻ ഒരവസരവും തന്നില്ല’; പ്രതികരണവുമായി ന്യൂസിലാൻഡ് നായകൻ
ഇന്ത്യയ്‌ക്കെതിരെയുള്ള ഏകദിന പരമ്പര നഷ്ടമായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് ന്യൂസിലൻഡ് നായകൻ ടോം ലാതം. ഇന്ത്യൻ പേസർമാരെ പുകഴ്ത്തിയാണ് താരം സംസാരിച്ചത്.
‘മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും കഴിവുള്ള ബൗളേഴ്‌സാണ്. ലൈനിലും ലെംഗ്ത്തിലും കണിശത പുലർത്തുന്നവർ. റണ്ണെടുക്കാനുള്ള ഒരവസരവും അവർ ഞങ്ങൾക്ക് തന്നില്ല’ ടോം ലാതം പറഞ്ഞു. ഭാഗ്യവശാൽ അതവരുടെ ദിനമായിരുന്നും ഞങ്ങൾ സമ്മർദ്ദം അതിജീവിക്കാനോ എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാനോ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസിലൻഡിനെതിരെയുള്ള രണ്ട് ഏകദിനത്തിലും ഇന്ത്യ വിജയിച്ചിരുന്നു. റായ്പൂരിൽ വിജയിച്ചതോടെ പരമ്പരയും സ്വന്തമാക്കി. ന്യൂസിലൻഡ് 34.3 ഓവറിൽ നേടിയ 108 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 21 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 20.1 ഓവറിൽ 111 റൺസാണ് ടീം നേടിയത്. നായകൻ രോഹിത് ശർമ അർധ സെഞ്ച്വറിയും ശുഭ്മാൻ ഗിൽ 40 റൺസും അടിച്ചുകൂട്ടി. ഇതോടെ ശ്രീലങ്കക്കെതിരെയുള്ള പരമ്പര വിജയങ്ങൾക്ക് ശേഷം മറ്റൊരു വിജയഗാഥ കൂടി ടീം ഇന്ത്യ നേടി.