വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ അടുത്ത പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിൻസ് തെരഞ്ഞെടുക്കപ്പെട്ടതോടെ ലേബർ പാർട്ടി പ്രതീക്ഷയിൽ. പ്രധാനമന്ത്രിയായിരുന്ന ജസീന്ത ആർഡേൺ അപ്രതീക്ഷിതമായി രാജിവെച്ച സ്ഥാനത്തേക്കാണ് ഹിപ്കിൻസിന് സാധ്യത തെളിഞ്ഞത്.
ലേബർ പാർട്ടിയെ നയിക്കാൻ ഏകകണ്ഠമായി ക്രിസ് ഹിപ്കിനെ നാമനിർദേശം ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാനും പാർട്ടി തീരുമാനിച്ചത്. കൊവിഡ് പ്രതിസന്ധികാലത്ത് രാജ്യത്തിന്റെ ഹീറോ ആയിരുന്നു ക്രിസ് ഹിപ്കിൻസ്. ലേബർ പാർട്ടിയുടെ 64 നിയമസഭാ സാമാജികരുടെ യോഗത്തിൽ, പാർട്ടിയുടെ അടുത്ത നേതാവായി ഹിപ്കിൻസ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യും. ഞാറാഴ്ചയാണ് യോഗം.
പാർട്ടിയിലും പുറത്തും തനിയ്ക്കുള്ള പിന്തുണ കുറഞ്ഞുവെന്ന യാഥാർഥ്യം മനസ്സിലാക്കിയതോടെയാണ് 37കാരിയായ ജസീന്ത അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ലോകത്ത് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട വനിതാ നേതാക്കളിലൊരാളായിരുന്നു ജസീന്ത. ജസീന്ത സർക്കാറിന്റെ വലംകൈയായിരുന്നു ഹിപ്കിൻസ്. പ്രധാന വകുപ്പുകൾ ജസീന്ത ഹിപ്കിൻസിനെ ഏൽപ്പിച്ചു.
ഐക്യത്തോടെയാണ് കടന്നുപോയത്, ഞങ്ങൾ അത് തുടരും. ന്യൂസിലൻഡിലെ ജനങ്ങളുടെ സേവനത്തിനായി പ്രതിബദ്ധതയുള്ള ആളുകളുമായി പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായെന്നും 44കാരനായ ഹിപ്കിൻസ് പറഞ്ഞു. ന്യൂസിലൻഡിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ആർഡെർ വ്യാഴാഴ്ച അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.
2008ലാണ് ഹിപ്കിൻസ് ലേബർ പാർട്ടിക്കായി ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2020 നവംബറിൽ COVID-19 ന്റെ ചുമതലയുള്ള മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പകർച്ചവ്യാധിയോടുള്ള സർക്കാരിന്റെ പ്രതിരോധത്തിന് നേതൃത്വം നൽകിയതോടെ ജനപ്രിയനായി ഉയർന്നു. ആഭ്യന്തരം, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. പ്രാദേശിക മാധ്യമമായ സ്റ്റഫ് നടത്തിയ പോൾ പ്രകാരം, വോട്ടർമാർക്കിടയിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി ഹിപ്കിൻസ് ആയിരുന്നു.
ഹിപ്കിൻസിനെ നിയമിക്കുന്നതിനുമുമ്പ്, ആർഡെർൻ ഗവർണർ ജനറലിന് രാജിക്കത്ത് സമർപ്പിക്കും. ഒക്‌ടോബർ 14ന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും ചില സർവേകൾ പ്രകാരം ലേബർ പാർട്ടിക്ക് അധികാരം നിലനിർത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്നും പറയുന്നു. ലേബർ പാർട്ടിക്കുള്ള പിന്തുണ 31.7% ആയി കുറഞ്ഞു, അതേസമയം പ്രതിപക്ഷമായ ന്യൂസിലാൻഡ് നാഷണൽ പാർട്ടിക്ക് 37.2% വരെ പിന്തുണയുണ്ട്.