കോന്നി: മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയ്ക്ക് സമീപം കുറുംബറ്റിയിൽ കടുവയെ കണ്ടതായി അഭ്യൂഹം. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ പ്രദേശത്തെ അഞ്ചോളം പേർ പല സമയങ്ങളിൽ കടുവയെ കണ്ടതായാണ് പറയുന്നത്. ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ റബർ തോട്ടത്തിലാണ് കടുവയെ കണ്ടതായി പറയപ്പെടുന്നത്. ഈ പ്രദേശത്തോട് ചേർന്നാണ് റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ കടവുപുഴ വനം.
കല്ലാറിന്റെ കരയിൽ റബർ തോട്ടവും മറുകരയിൽ വനവുമാണ്. പ്രദേശത്തെ ആറ്റുതീരം ജനവാസമേഖലയും സമീപപ്രദേശങ്ങൾ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുമാണ്. ഇവിടെ പല സ്ഥലങ്ങളും പൊന്തക്കാടുകൾ നിറഞ്ഞ പ്രദേശമാണ്. ആൾതാമസമില്ലാത്ത ലയങ്ങൾക്ക് സമീപവും പൊന്തക്കാടുകളാണ്. കഴിഞ്ഞ മാസം ഇവിടെ തോടിന്റെ കരയിൽ പുലിയുടെ കാൽപാദം പതിഞ്ഞ പാടുകളും കണ്ടതായി പറയുന്നു. കടവുപുഴയിലെ താമസക്കാരായ ഷെമീർ,കനക,അനു,അലി എന്നിവരാണ് പലസ്ഥലങ്ങളിൽ വച്ച് കടുവയെ കണ്ടതായി പറയുന്നത്. കടവുപുഴയിലെ പൊളിഞ്ഞ പാലത്തിന് സമീപത്താണ് കനക കടുവയെ കണ്ടത്. റബർ തോട്ടങ്ങളിൽ പുലർച്ചെ ടാപ്പിംഗിന് ഇറങ്ങുന്നവർ ഭയപ്പാടിലാണ്. ഉത്തരാകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.