ധോണിയിലെ പിടി7നെന്ന കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം നിര്‍ത്തിവെച്ചു. കനത്ത വെയിലും ആന ഉള്‍ക്കാട്ടിലേക്ക് കടന്നതും തിരിച്ചടിയായി. മയക്കുവെടി വെയ്ക്കാനാവാത്ത സാഹചര്യമെന്ന് ദൗത്യസംഘം അറിയിച്ചു. കൊമ്പനെ പിടികൂടാനുള്ള ദൗത്യം നാളെയും തുടരും.
രാവിലെ ആറു മണിയോടെ ദൗത്യസംഘം പി ടി സെവനെ തേടിയിറങ്ങി. ഏഴു മണിയോടെ അരിമണി, ബംഗ്ലാകുന്ന് മേഖലയില്‍ ആനയെ കണ്ടെത്തിയതോടെ കുങ്കിയാനകളേയും അവിടേക്ക് എത്തിച്ചു. മയക്കുവെടിവെക്കാന്‍ ഉദ്ദേശിച്ച സ്ഥലത്ത് പി.ടി7 ഉണ്ടായിരുന്നെങ്കിലും വളരെ പെട്ടെന്ന് ആന കാട്ടിലേക്ക് തന്നെ മാറി. അതോടെ സംഘത്തിന്റെ നീക്കം പ്രതിസന്ധിയിലായി. കനത്ത വെയിലും തിരിച്ചടിയായി.
അതേസമയം പുലര്‍ച്ചെ മുപ്പാടം മേഖലയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ആനയെ വേഗത്തില്‍ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. അരിമണി മലയുടെ ചരിവില്‍ തുടരുന്ന പാലക്കാട് തസ്‌കര്‍ ഏഴാമന്‍ കൂടുതല്‍ ഉള്‍ക്കാട്ടിലേക്ക് നീങ്ങിയാല്‍ ദൗത്യം കൂടുതല്‍ പ്രയാസത്തിലാകും.