അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് മരുന്ന് വിതരണം: പദ്ധതി മാതൃകാപരമെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: സങ്കീര്ണമായ അവയവമാറ്റ ശസ്ത്രക്രിയകള്ക്കായി ഭാരിച്ച ചിലവ് ഏറ്റെടുക്കേണ്ടി വരുന്ന കുടുംബത്തിന് ജില്ലാ പഞ്ചായത്തിന്റെ സൗജന്യ മരുന്ന് വിതരണ പദ്ധതി സഹായകരവും മാതൃകാപരവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു.

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23 ലെ വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയവര്ക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം പത്തനംതിട്ടയിൽ നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അവയവ മാറ്റശസ്ത്രക്രിയയോട് അനുബന്ധിച്ചുള്ള തുടര്ചികിത്‌സയ്ക്ക് കൂടുതല് പ്രാധാന്യവും ശ്രദ്ധയും നല്കണം. കേരളത്തില് അവയവ മാറ്റിവെക്കലിനു മാത്രമായി ഒരു സ്ഥാപനം തുടങ്ങുന്നതിന് വേണ്ട നടപടികള് സര്ക്കാര് സ്വീകരിച്ചു വരുന്നതിനൊപ്പം ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും വേണ്ട കാര്യങ്ങള് നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഒരു സ്‌പെഷ്യല് ഓഫീസറെ നിയമിച്ചിട്ടുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട് സര്ക്കാരിന്റെ നയം പരമാവധി സൗജന്യമായോ സബ്‌സിഡിയോടുകൂടിയോ മരുന്നുകള് നല്കണമെന്നുള്ളതാണ്. അതിനായി ഫണ്ട് സമാഹരണത്തിനുള്ള കര്മ്മ പദ്ധതികള് ആവിഷ്‌കരിക്കുന്നതിനായുള്ള ചര്ച്ചകളും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അവയമാറ്റ ശസ്ത്രക്രിയ നടത്തിയവര്ക്ക് എല്ലാ മാസവും സൗജന്യമായി മരുന്നു നല്കുന്ന പദ്ധതി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത് ഏറെ അഭിമാനകരമാണെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന് പറഞ്ഞു. അവയമാറ്റ ശസ്ത്രക്രിയ നടത്തിയവര്ക്ക് സൗജന്യമരുന്നു വിതരണത്തിന്റെ ആവശ്യകത മനസിലാക്കിയ സര്ക്കാര് പദ്ധതി നടത്തിപ്പിനായി പ്രത്യേക അനുമതിയും നല്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്, പൊതുജനങ്ങള്, പ്രവാസികള് എന്നിവരുടെ സഹായത്തോടെ ട്രസ്റ്റായി രജിസ്റ്റര് ചെയ്ത് പദ്ധതിയെ കൂടുതല് ജനകീയമാക്കുന്നതിനും ഗുണഭോക്താക്കള്ക്ക് മുടക്കമില്ലാതെ സേവനം ലഭ്യമാക്കുവാനും വേണ്ട പ്രവര്ത്തനങ്ങള് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില് നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കരള്, കിഡ്‌നി, ഹൃദയം മാറ്റിവെക്കപ്പെട്ടവര്ക്ക് ഡോക്ടര്മാര് നിര്ദ്ദേശിച്ചിട്ടുള്ള മരുന്നുകള് എല്ലാ മാസവും കോഴഞ്ചേരി ജില്ല ആശുപത്രി വഴി സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്കായി 35 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. 150 പേരാണ് ജില്ലയില് ഗുണഭോക്താക്കളായുള്ളതെങ്കിലും 75 പേര് മാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്. ബാക്കിയുള്ളവര് കൂടി രേഖകള് സഹിതം അപേക്ഷ സമര്പ്പിക്കണം.
മരുന്നിന്റെ അളവ്, ഉപയോഗ രീതി തുടങ്ങിയ പരിശോധിക്കുന്നതിനായി ഒരു സാങ്കേതിക കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രി വഴി മാത്രമാണ് ഇപ്പോള് മരുന്നുകള് ലഭ്യമാക്കുന്നത്.
ചടങ്ങില് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്മാന് ആര്. അജയകുമാര്, നഗരസഭ ചെയര്മാന് അഡ്വ. റ്റി. സക്കീര് ഹുസൈന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, പൊതുമരാമത്ത് സ്റ്റാന്ന്റിംഗ് കമ്മിറ്റി ചെയര്പേഴ്‌സണ് ലേഖാ സുരേഷ്, ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു, ജില്ല മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ. എല്.അനിതാ കുമാരി, കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. രശ്മി, മുന് സൂപ്രണ്ട് ഡോ.എസ്.പ്രതിഭ, ആര്എംഒ ഡോ. ജീവന്, ഡോ. ശംഭു, കിഡ്‌നി ഫൗണ്ടേഷന് രക്ഷാധികാരികളായ ഫാ.ബാര്സ് ക്ലിപ്പ, ഫാ.ലിജു രാജു താമരക്കുടി എന്നിവര് പങ്കെടുത്തു.
Leave A Reply