അപകടത്തിൽപ്പെട്ട ഹൗസ് ബോട്ടിൽനിന്ന്‌ ജീവനക്കാരെ രക്ഷിച്ചു

കുമരകം: അപകടത്തിൽപ്പെട്ട ഹൗസ് ബോട്ടിൽനിന്ന്‌ ജീവനക്കാരെ രക്ഷപ്പെടുത്തി ജലഗതാഗതവകുപ്പ്‌ ജീവനക്കാർ. വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ എസ് 52 നമ്പർ ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകിയത്‌. പാതിരാമണൽ ജെട്ടിയുടെ കിഴക്കേമൂലയിൽ മുങ്ങിക്കൊണ്ടിരുന്ന ബോട്ടിൽനിന്നാണ്‌ ജീനവക്കാരെ രക്ഷിച്ചത്‌.

ബുധൻ രാത്രി എട്ടോടെ കുമരകം പൊലീസ് സ്റ്റേഷനിൽനിന്ന്‌ അറിയിപ്പ് കിട്ടിയതിനെ തുടർന്ന് സ്റ്റേഷൻ മാസ്റ്ററുടെ നിർദേശാനുസരണം ജീവനക്കാരായ രതീഷ് കുമാർ, കെ എസ്‌ അനൂപ്, സുനിൽകുമാർ, ഓമനക്കുട്ടൻ, ജിനീഷ് മനോജ് എന്നിവരാണ്‌ രക്ഷാപ്രവർത്തനത്തിന്‌ പോയത്‌.

ആലപ്പുഴയിൽനിന്ന്‌ അറ്റകുറ്റപ്പണികൾക്കായി ഡോക്കിൽ കയറ്റുന്നതിനായി കുമരകം ഭാഗത്തേക്ക് പുറപ്പെട്ട ബോട്ട് പാതിരാമണലിന്റെ കിഴക്ക് ഭാഗത്ത് മണ്ണ് അടിഞ്ഞുകൂടിയ ഭാഗത്ത്‌ കുടുങ്ങുകയായിരുന്നു. മുങ്ങിക്കൊണ്ടിരുന്ന ബോട്ടിൽനിന്ന്‌ ജീവനക്കാർ ആദ്യം പോരാൻ മടിച്ചു.

എന്നാൽ മുഹമ്മ പൊലീസിന്റെ നിർദേശാനുസരണം ഹൗസ് ബോട്ട് ജീവനക്കാരെ സർവീസ്‌ ബോട്ടിൽ കയറ്റി മുഹമ്മ ബോട്ട് ജെട്ടിയിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ജീവനക്കാരെ ട്രാഫിക് സൂപ്രണ്ട് സുജിത്ത് മോഹൻ അഭിനന്ദിച്ചു.

Leave A Reply