നഗരസഭാധ്യക്ഷ പദവിയിൽ ചരിത്രംകുറിച്ച്‌ സിപിഐ എം

പാലാ: ഏഴര പതിറ്റാണ്ട്‌ ചരിത്രമുള്ള പാലാ നഗരസഭയിൽ സിപിഐ എം പ്രതിനിധി അധ്യക്ഷപദവിയിൽ എത്തുന്നത്‌ ആദ്യം. 17 അംഗ എൽഡിഎഫ്‌ ഭരണ മുന്നണിയിലെ സിപിഐ എം സ്വതന്ത്രാംഗം ജോസിൻ ബിനോയ്‌ക്കാണ്‌ ചരിത്ര നിയോഗം ലഭിച്ചത്‌. 75 വർഷത്തിനിടെ ആദ്യമായി എൽഡിഎഫ്‌ അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ വ്യാഴാഴ്‌ച നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ 25ൽ 17 വോട്ടുകൾക്കാണ്‌ ജോസിൻ ബിനോ തെരഞ്ഞെടുക്കപ്പെട്ടത്‌. 26 അംഗ കൗൺസിലിൽ എൽഡിഎഫിന്‌ 17ഉം യുഡിഎഫിന്‌ സ്വതന്ത്രൻ ഉൾപ്പെടെ ഒമ്പതും അംഗങ്ങളാണുള്ളത്‌.

പ്രതിപക്ഷ നിരയിലെ യുഡിഎഫ്‌ പാർലമെന്ററി പാർടി നേതാവായ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റിന്റെ വോട്ട്‌ അസാധുവായതും ചിരിത്രം. യുഡിഎഫ്‌ സ്വതന്ത്രാംഗം ജിമ്മി ജോസഫ്‌ നിഷ്‌പക്ഷനായി. രാജ്യം സ്വാതന്ത്ര്യം നേടിയതിനൊപ്പം 1947ൽ നിലവിൽവന്ന പാലാ നഗരസഭയുടെ ആദ്യകാലത്ത്‌ കോൺഗ്രസ്‌ പ്രതിനിധികളാണ്‌ ചെയർമാൻ പദവി വഹിച്ചിരുന്നത്‌. 1987 മുതൽ കേരള കോൺഗ്രസ്‌ എമ്മിനായിരുന്നു അധ്യക്ഷ പദവി. സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ്‌ നേതാവുമായ ആർ വി തോമസായിരുന്നു ആദ്യം ചെയർമാൻ.

എന്നാൽ ദിവാൻ ഭരണത്തിനെതിരായ സമരത്തിന്റെ പേരിൽ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റം നിലനിന്നതിനാൽ പദവി ഏറ്റെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന്‌ ജോർജ്‌ തോമസ്‌ കൊട്ടുകാപ്പള്ളി(1949–-53), കെ സി സെബാസ്‌റ്റ്യൻ(1953–-56), ചെറിയാൻ ജെ കാപ്പൻ(1956–-62), തോമസ്‌ ജോസഫ്‌ കൊട്ടുകാപ്പള്ളി(1964–-79), ബാബു മണർകാട്‌(1979–-84) എന്നീ കോൺഗ്രസ്‌ നേതാക്കൾ പദവി വഹിച്ചു. 1988–-90 കാലത്ത്‌ പ്രൊഫ. ജോസഫ്‌ മാത്യു അഞ്ചരയുടെ കാലം മുതൽക്കാണ്‌ കേരള കോൺഗ്രസ്‌ പ്രതിനിധികൾ പദവി വഹിച്ചത്‌.

പിന്നീട്‌ ജോസ്‌ തോമസ്‌ പടിഞ്ഞാറേക്കര, പ്രൊഫ. എ സി ജോസഫ്‌, അഡ്വ. ബെറ്റി ഷാജു തുരുത്തേൽ, പൊന്നമ്മ ജോസ്‌ പടിഞ്ഞാറേക്കര, കുര്യാക്കോസ്‌ പടവൻ, ലീന സണ്ണി പുരയിടം, പ്രൊഫ. സെലിൻ റോയി, ബിജി ജോജോ, മേരി ഡൊമിനിക്‌ എന്നിവരും പദവിയിലെത്തി. നിലവിലെ ചെയർമാൻ കേരള കോൺഗ്രസ്‌ എമ്മിലെ ആന്റോ ജോസ്‌ പടിഞ്ഞാറേക്കര സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ്‌ സിപിഐ എം പ്രതിനിധിയായി റോസിൻ ബിജോ എത്തുന്നത്‌.

Leave A Reply