അരൂർ: സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ പരീക്ഷ വിജയിച്ച ചലച്ചിത്ര നാടക നടി ലീനാ ആന്റണിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി വീട്ടിലെത്തി ആദരിച്ചു. 73 വയസുകാരി ലീന ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ്. പത്താം ക്ലാസിൽ പഠനം അവസാനിപ്പിക്കരുതെന്നും ഹയർ സെക്കൻഡറി തുല്യതാ പഠനത്തിന് തയ്യാറാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദ്, പഞ്ചായത്ത് പ്രസിഡന്റ് ഡി വിശ്വംഭരൻ, പാണാവള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ധനേഷ്‌കുമാർ, മുൻ വൈസ് പ്രസിഡന്റ് കെ പി ബാബുരാജ്, പഞ്ചായത്തംഗം അംബികാ ശശിധരൻ, സാക്ഷരത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ വി രതീഷ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലാകെ 522 പേരാണ് പരീക്ഷ എഴുതിയത്. ആലപ്പുഴ ജില്ലയിൽ 11 പരീക്ഷാ കേന്ദ്രങ്ങളിലാണ് തുല്യത പരീക്ഷ നടന്നത്.