ആർഎസ്‌പി: അസീസ്‌ സ്ഥാനം ഒഴിയുന്നത്‌ സമ്മർദത്തെ തുടർന്ന്‌

കൊല്ലം; ആർഎസ്‌പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന എ എ അസീസിന്റെ പ്രസ്‌താവന സമ്മർദത്തെ തുടർന്ന്‌. സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന്‌ ആവശ്യമുയർത്തി അസീസിനെ മറ്റു നേതാക്കൾ കടുത്ത സമ്മർദത്തിലാക്കുകയാണെന്നാണ്‌ അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്‌.സംസ്ഥാന സെക്രട്ടറിയുടെയും കമ്മിറ്റിയുടെയും ദൈനംദിന പ്രവർത്തനത്തിന്‌ പണമില്ലാത്തവിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌ ആർഎസ്‌പി. സംസ്ഥാന സെക്രട്ടറിക്ക്‌ വാഹനം ഉപയോഗിക്കാൻ പോലും ഫണ്ടില്ലാത്ത അവസ്ഥ മുമ്പില്ലാത്തതാണ്‌. ഈ സാഹചര്യത്തിലാണ്‌ സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന്‌ എ എ അസീസിന്‌ പാർടിക്കു പുറത്ത്‌ പറയേണ്ടിവന്നത്‌. ബിൽ അടയ്‌ക്കാത്തതിനാൽ ജില്ലാ കമ്മിറ്റി ഓഫീസിലെ ടെലിഫോൺ നിശ്ചലമായിട്ട്‌ നാളേറെയായി.

അതേസമയം, സംസ്ഥാന സെക്രട്ടറി സ്ഥാനം ഷിബു ബേബിജോണിന്‌ കിട്ടാതിരിക്കാൻ അണിയറയിൽ എല്ലാ ചരടുവലിക്കും എൻ കെ പ്രേമചന്ദ്രൻ തയ്യാറാകും. അസീസ്‌ മാറിയാൽ ഷിബുവിനെ പരിഗണിക്കേണ്ടിവരുമെന്ന്‌ അണികളോട്‌ പ്രേമചന്ദ്രൻ പറയുന്നുണ്ടെങ്കിലും മനസ്സിലിരിപ്പ്‌ വേറെയാണെന്ന്‌ പാർടിക്കുള്ളിലുള്ളവർ തന്നെ കരുതുന്നു. ഷിബുവിനെ സെക്രട്ടറിസ്ഥാനത്തേക്ക്‌ പരിഗണിക്കുന്നതിൽ എതിർപ്പുള്ള പാർടി പ്രവർത്തകരുമുണ്ട്‌. സ്വന്തം ബിസിനസിൽ ശ്രദ്ധിക്കുന്ന അദ്ദേഹം സെക്രട്ടറിയായാൽ കേരളത്തിൽ കേന്ദ്രീകരിക്കുമോ എന്നാണ്‌ പ്രവർത്തകരുടെ ചോദ്യം. പാർടി സമ്മേളനങ്ങൾ ആരംഭിച്ചപ്പോൾ സംസ്ഥാനത്തിനു പുറത്തുപോയ ഷിബു തിരിച്ചുവന്നത്‌ സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ചാണ്‌.

ഇപ്പോൾ അദ്ദേഹം സ്വന്തം കമ്പനിയുടെ സിനിമാ ഷൂട്ടിങ്ങിന്‌ രാജസ്ഥാനിലാണ്‌. തെരഞ്ഞെടുപ്പിൽ മാത്രം മത്സരിക്കുന്നതിൽനിന്നു മാറി പ്രേമചന്ദ്രൻ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കണമെന്ന അഭിപ്രായവും പാർടിയിൽ ശക്തമാണ്‌. ഫെബ്രുവരി 10നും 11നും ഡൽഹിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റിക്കുശേഷം സെക്രട്ടറി സ്ഥാനം ഒഴിയുമെന്നാണ്‌ അസീസ്‌ പറയുന്നത്‌. അടുത്തിടെ കൊല്ലത്ത്‌ നടന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ അസീസിനെ ഒഴിവാക്കാൻ നീക്കം നടന്നിരുന്നു.

ഒരുതവണകൂടി സെക്രട്ടറിസ്ഥാനത്ത്‌ തുടരണമെന്ന അസീസിന്റെ ആഗ്രഹം ഷിബു ബേബിജോൺ വിഭാഗത്തിനും അംഗീകരിക്കേണ്ടി വന്നു. നേതാക്കൾ തമ്മിൽ വാഗ്വാദവും വാക്കേറ്റവും വരെയുണ്ടായ സമ്മേളനത്തിൽ സെക്രട്ടറിസ്ഥാനത്തുനിന്നു മാറില്ലെന്ന നിലപാടാണ്‌ അസീസ്‌ സ്വീകരിച്ചത്‌. പ്രേമചന്ദ്രൻ അസീസിനെ അനുകൂലിച്ചു. ആർഎസ്‌പി യുഡിഎഫിൽ നിലയുറപ്പിക്കുന്നതിനെതിരായ പ്രവർത്തകരുടെ വികാരം തുടരുന്നതിനിടെയാണ്‌ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന പ്രസ്‌താവന അസീസ്‌ നടത്തിയത്‌.

കേന്ദ്രകമ്മിറ്റി: അസീസിനെ വെട്ടി ഷിബു ഡൽഹിയിൽ നടന്ന ആർഎസ്‌പി ദേശീയ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എ എ അസീസ്‌ നിർദേശിച്ച ഇടവനശ്ശേരി സുരേന്ദനെ വെട്ടി ഷിബു ബേബിജോൺ നിർദേശിച്ച പി ജി പ്രസന്നകുമാർ കേന്ദ്ര കമ്മിറ്റിയിൽ എത്തിയത്‌ ചേരിതിരിവിനു കാരണമായി. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമാണ്‌ സുരേന്ദ്രൻ. ഈ പേരുകൂടാതെ മറ്റൊരു സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായ ടി സി വിജയനെ ആണ്‌ അസീസ്‌ കേന്ദ്ര കമ്മിറ്റിയിലേക്ക്‌ നിർദേശിച്ചത്‌. വിജയനെ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുത്തു.

എന്നാൽ, ഇടവനശ്ശേരിയെ എതിർത്ത ഷിബു ബേബിജോൺ പത്തനംതിട്ടയിൽനിന്നുള്ള പ്രസന്നകുമാറിനെ കമ്മിറ്റിയിൽ എത്തിക്കുകയായിരുന്നു. അതിനിടെ ഫെബ്രുവരി ആദ്യംചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ പുതിയ കേന്ദ്ര സെക്രട്ടറിയറ്റിനെ നിശ്ചയിക്കും. സംസ്ഥാനത്തുനിന്ന്‌ കേന്ദ്ര കമ്മിറ്റി അംഗമായ കെ എസ്‌ വേണുഗോപാലിനെ പരിഗണിക്കുമെന്നാണ്‌ സൂചന. നിലവിൽ എ എ അസീസ്‌, എൻ കെ പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ, ബാബു ദിവാകരൻ എന്നിവരാണ്‌ കേന്ദ്ര സെക്രട്ടറിയറ്റിൽ ഉള്ളത്‌. അന്തരിച്ച ടി ജെ ചന്ദ്രചൂഡന്റെ ഒഴിവിലേക്ക്‌ വേണുഗോപാലിനെ പരിഗണിക്കും.

Leave A Reply