സംരംഭക വര്‍ഷം പദ്ധതിയിലൂടെ വ്യവസായിക, വാണിജ്യ മേഖലകളില്‍ ഉണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ സംരംഭക മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഭിപ്രായ ഭിന്നതകള്‍ നാടിന്റെ വികസനത്തെ ഒരുതരത്തിലും ബാധിക്കരുതെന്നും വ്യവസായിക പുനസംഘടനയിലൂടെയും കാര്‍ഷിക നവീകരണത്തിലൂടെയും നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് നമ്മള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടന്നു. ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇതുവരെ 7,500 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിച്ച് 2,67,000 ത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയൊരു മുന്നേറ്റമാണ് സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഉണ്ടായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, തുടങ്ങിയവയെ ഏകോപിപ്പിച്ചാണ് സംരംഭകരെ കണ്ടെത്തുന്നതിനുള്ള പദ്ധതി ഇത്ര വലിയ വിജയമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവുമധികം സംരംഭങ്ങള്‍ ആരംഭിച്ചത് തൃശൂര്‍ ജില്ലയിലാണ്. എറണാകുളവും തിരുവനന്തപുരവും സംരംഭങ്ങളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. നാടിന്റെ പൊതുവായ വികസനം മുന്‍നിര്‍ത്തി ഈ സംരംഭക മുന്നേറ്റത്തെ ഇനിയും  ശക്തിപ്പെടുത്താന്‍ കഴിയണം. അതിനായി തുടര്‍ന്നും മുഴുവന്‍ സംരംഭകരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷതവഹിച്ചു. സ്‌കെയില്‍ അപ്പ് പദ്ധതിയുടെ സര്‍വേയും കൈപ്പുസ്തകം പ്രകാശനവും വിജയമാതൃകകളുടെ ഫിലിം ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു.
എംഎല്‍എമാരായ ആന്റണി ജോണ്‍, പി.വി. ശ്രീനിജിന്‍, കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍, ചീഫ് സെക്രട്ടറി വി.പി ജോയ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ എ.പി.എം മുഹമ്മദ് ഹനീഷ്, സുമന്‍ബില്ല, വ്യവസായ വാണിജ്യ വകുപ്പ് ഡറക്ടര്‍ എസ്.ഹരികിഷോര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ കെ.സുധീര്‍, പി.എസ് സുരേഷ്‌കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം എറണാകുളം ജനറല്‍ മാനേജര്‍ പി.എ നജീബ്, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave A Reply